വനിതാ ജഡ്‌ജിമാർക്ക് പുതിയ വേഷം:സൽവാറും കമീസുമാകാം, അല്ലെങ്കിൽ ഷർട്ടും പാന്റ്സും

Wednesday 11 October 2023 12:11 AM IST

കൊച്ചി: കീഴ്‌ക്കോടതി വനിതാ ജഡ്‌ജിമാർക്ക് വെളുത്ത സാരിയും കറുത്ത ബ്ളൗസും മാത്രമല്ല, ഇതേ നിറമുള്ള സൽവാർ കമീസോ ഷർട്ടും പാന്റ്സുമോ ധരിക്കാം. വനിതാ ജഡ്‌ജിമാരുടെ നിവേദനം പരിഗണിച്ച ഹൈക്കോടതി ഔദ്യോഗിക ഡ്രെസ്കോഡ് പരിഷ്കരിച്ച് വിജ്ഞാപനമിറക്കി.

ചൂടേറിയ കാലാവസ്ഥയും ഇടുങ്ങിയ കോടതിമുറികളും കണക്കിലെടുത്ത് ഡ്രെസ്കോഡ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നൂറോളം വനിതാജഡ്‌ജിമാരാണ് ഹൈക്കോടതി ഭരണവിഭാഗത്തിന് നിവേദനം നൽകിയത്. തുടർന്നാണ് ഡ്രെസ്കോഡ് പരിഷ്‌കരിച്ച് ഹൈക്കോടതി ജില്ലാ ജുഡിഷ്യൽ രജിസ്ട്രാർ പി.ജെ. വിൻസെന്റ് വിജ്ഞാപനമിറക്കിയത്. 1970 ഒക്ടോബർ ഒന്നിനാണ് നിലവിലുള്ള ഡ്രെസ് കോഡ് നിലവിൽവന്നത്.

പുതിയ ഡ്രെസ്കോഡുകൾ

 നിലവിലെ ഡ്രെസ്കോഡിനു പുറമേ വെളുത്ത ഹൈനെക്ക് / കോളറുള്ള സൽവാറും കറുത്ത കമ്മീസും കറുത്ത ഫുൾസ്ളീവ് കോട്ടും നെക്ക്ബാൻഡും കറുത്ത ഗൗണുമുൾപ്പെട്ട വേഷം ധരിക്കാം

 വെളുത്ത ഹൈനെക്ക് ബ്ളൗസ് / കോളറുള്ള ഷർട്ട്, കറുത്ത മുഴുനീള പാവാട / പാന്റ്സ്, കറുത്ത ഫുൾസ്ളീവ് കോട്ട്, നെക്ക് ബാൻഡ്, കറുത്ത ഗൗൺ എന്നിവയുൾപ്പെട്ട വേഷം ധരിക്കാം

 മറ്റു നിറമുള്ള വസ്ത്രം പാടില്ല. ജുഡിഷ്യൽ ഓഫീസറുടെ അന്തസിനു ചേർന്ന വസ്ത്രധാരണം വേണം.