ഇലന്തൂർ നരബലിയു‌ടെ ഓർമ്മകൾക്ക് ഒരാണ്ട്

Wednesday 11 October 2023 12:18 AM IST

പത്തനംതിട്ട: ഇലന്തൂരിലെ നരബലിയുടെ നടക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. സാമ്പത്തികാഭി വൃദ്ധിക്കുള്ള പൂജയ്‌ക്കായി രണ്ട് സ്ത്രീകളെ വെട്ടിനുറുക്കി മാംസം കറിവച്ച് കഴിച്ചെന്ന കേസ് വിചാരണ കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ പതിനൊന്നിനാണ് ഇലന്തൂർ കടകംപള്ളി വീട്ടിലെ പൈശാചിക കൃത്യം പുറംലോകമറിഞ്ഞത്. ഇലന്തൂർ കടകംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), രണ്ടാം ഭാര്യ ലൈല (52), മന്ത്രവാദത്തിനെത്തിയ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (52) എന്നിവരാണ് കേസിലെ പ്രതികൾ.

2022 ജൂൺ എട്ടിന് രാത്രിയിലാണ് ആദ്യ ദുർമന്ത്രവാദം നടന്നത്. കാലടി മറ്രൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ് ലിയെ (49) കെട്ടിയിട്ട് കഴുത്തറുത്താണ് ബലി നൽകിയത്. സെപ്തംബർ 26നാണ് സേലം ധർമ്മപുരി സ്വദേശി പത്മത്തെയാണ് (52) ബലികൊടുത്തത്. പത്മ കേസിലെ കുറ്റപത്രം കഴിഞ്ഞ ജനുവരി ഏഴിന് എറണാകുളം ജ്യുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും റോസിലിൻ കേസിന്റെ കുറ്റപത്രം ജനുവരി 21ന് പെരുമ്പാവൂർ കോടതിയിലും സമർപ്പിച്ചു. ഷാഫിയും ഭഗവൽസിംഗും വിയ്യൂർ ജയിലിലാണ്. ലൈല കാക്കനാട് ജയിലിലും.

 നി‌ർണായകമായത് ഷാഫിയുടെ അറസ്റ്റ്

2022 സെപ്തംബർ 27നാണ് പത്മയെ കാണാനില്ലന്ന് കാണിച്ച് മകൻ ശെൽവൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിൽ മുഹമ്മദ് ഷാഫിയുടെ എറണാകുളത്തെ ഹോട്ടലിലേക്ക് പത്മ പോകുന്നതിന്റെയും ഇയാളുടെ ജീപ്പിൽ കയറുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് നരബലികളുടെ വിവരങ്ങളറിഞ്ഞത്. പത്മക്കു മുൻപ് കാലടിയിലെ ലോട്ടറി വില്പനക്കാരിയായ റോസ്‌ലിയെ കൊന്നെന്നും ഷാഫി മൊഴി നൽകി. തുടർന്നാണ് ഭഗവൽ സിംഗ്, ലൈല എന്നിവരെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹാവശിഷ്ടങ്ങൾ കഷണങ്ങളാക്കി ഭഗവൽസിംഗിന്റെ വീട്ടുപറമ്പിൽ ഉപ്പു വിതറി കുഴിച്ചിട്ടെന്നും പ്രതികൾ വെളിപ്പെടുത്തി.