അനധികൃത മുൻഗണനാ കാർഡ്: ഈടാക്കിയ പിഴ 5.21കോടി

Wednesday 11 October 2023 2:23 AM IST

കൊച്ചി: മുൻഗണനാ റേഷൻ കാർഡുകൾ അനധികൃതമായി കൈവശം വച്ചതിന് സംസ്ഥാനത്ത് 2021 മേയ് മുതൽ 2023 ആഗസ്റ്റ് വരെ പിഴ ഈടാക്കിയത് 5,21,48,697 രൂപ. അനർ‌ഹരെ കണ്ടെത്താൻ 2022 സെപ്തംബ‌ർ മുതൽ ഡിസംബർ വരെ നടത്തിയ 'ഓപ്പറേഷൻ യെല്ലോ" പരിശോധനയിൽ 4.19 കോടിയും പിഴയിട്ടിരുന്നു.

അനർഹരെ കണ്ടെത്താൻ വ്യാപക പരിശോധനയാണ് നടക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിലും പരിശോധനകളിൽ കണ്ടെത്തിയവരിലും റേഷൻ വാങ്ങാത്തവരിലും നിന്നാണ് പിഴ ഈടാക്കിയത്. മുൻഗണനാ വിഭാഗത്തിൽ മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്ത 59,406 റേഷൻ കാർഡുകളാണ് പൊതുവിഭാഗത്തിലേക്ക് തരം മാറ്റിയത്. പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിൽ 48,691 കാർഡുകളും എ.എ.വൈ (മഞ്ഞ) വിഭാഗത്തിൽ 6,448 കാർഡുകളും എൻ.പി.എസ് (നീല) വിഭാഗത്തിൽ 4,267 കാർഡുകളും.

2021മേയ് മുതലാണ് സംസ്ഥാന വ്യാപകമായുള്ള നടപടി ആരംഭിച്ചത്. പിടി കൂടുന്നവരിൽ നിന്ന് അതുവരെ വാങ്ങിയ റേഷൻ ഉത്പനങ്ങളുടെ പൊതുവിപണി വിലയാണ് ഈടാക്കുന്നത്.

അനർഹരെ സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിക്കാം. വാട്സാപ്പ്: 9188527301,​ ടോൾഫ്രീ: 1967.

നടപടി ഇവർക്കെതിരെ

* ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുള്ളവർ

* നാലു ചക്രവാഹനം സ്വന്തമായുള്ളവർ

* 25,000 രൂപയിലധികം മാസവരുമാനമുള്ളവർ

* വിദേശത്ത് ജോലിയുള്ളവർ

* സർക്കാർ- അർദ്ധ സർക്കാർ,​ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ളവർ

കൂടുതൽ തൃശൂരിൽ

1,33,66,752 രൂപയാണ് തൃശൂരിൽ പിഴയിനത്തിൽ ഈടാക്കിയത്. കോട്ടയത്താണ് ഏറ്റവും കുറവ് ഈടാക്കിയത്- 2,13,278 രൂപ. മലപ്പുറം- 1,17,81,939,​ എറണാകുളം- 72,88,429,​ പാലക്കാട്- 54,24,821,​ കണ്ണൂർ- 32,31,859,​ പത്തനംതിട്ട- 30,00,704,​ തിരുവനന്തപുരം- 18,05,599,​ ആലപ്പുഴ- 17,57,857,​ കോഴിക്കോട്- 16,​62,​857,​ വയനാട്- 9,70,524,​ കൊല്ലം- 6,87,568,​ കാസർകോട്- 5,04,168,​ ഇടുക്കി- 4,52,342 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.