'ശങ്കരാചാര്യർക്ക് ആയിരം വയസ് കുറച്ചു, മുഴുവൻ അക്ഷരത്തെറ്റ്'; നിയുക്ത പിഎസ്‌സി അംഗത്തിന്റെ പിഎച്ച്‌ഡി പ്രബന്ധത്തിൽ ഗുരുതര പിശകെന്ന് പരാതി

Thursday 12 October 2023 11:21 AM IST

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവ് ഡോ. പ്രിൻസി കുര്യാക്കോസിനെ പിഎസ്‌സി അംഗമായി നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ ഗവർണർക്ക് പരാതി. പ്രിൻസി ഗവേഷണ ബിരുദം നേടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണെന്നും പ്രബന്ധത്തിൽ ശ്രീ ശങ്കരാചാര്യരെ കുറിച്ച് തെറ്റായ പരാമർശവും ഗുരുതര പിശകുകളും വരുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി കൈമാറിയത്. 2018ലാണ് 'ശങ്കരാചാര്യരുടെയും ചട്ടമ്പിസ്വാമികളുടെയും വേദ ആശയങ്ങളെക്കുറിച്ചുള്ള താരതമ്യപഠനം' എന്ന വിഷയത്തിൽ പ്രിൻസി ഗവേഷണ ബിരുദം നേടിയത്. കാലടി സർവകലാശാല മുൻ വി സി ഡോ. ധർമരാജ് അടാട്ടിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.

എട്ട് - ഒമ്പത് നൂറ്റാണ്ടുകളിലാണ് ശങ്കരാചാര്യർ ജീവിച്ചിരുന്നത് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ, പ്രിൻസിയുടെ ഗവേഷണത്തിൽ 18-19 നൂറ്റാണ്ടുകളിൽ എന്ന് തെറ്റായി രേഖപ്പെടുത്തിയെന്നും വിചിത്രവും തെറ്റിദ്ധാരണാജനകവുമാണ് ഈ പരാമർശമെന്നാണ് പരാതി. 19-ാം നൂറ്റാണ്ടിലാണ് അയിത്തം നിലവിൽ വന്നതെന്നും പ്രബന്ധത്തിലുണ്ട്. അബദ്ധജടിലമായ ഇംഗ്ലീഷ് പ്രയോഗം, അക്ഷരത്തെറ്റുകൾ, വ്യാകരണപ്പിശക് എന്നിവയും പ്രബന്ധത്തിലുണ്ട്. ഓപ്പൺ ഡിഫൻസിൽ പിശകുകൾ ചൂണ്ടിക്കാട്ടിയിട്ടും അതിനെ അവഗണിച്ചാണ് പിഎച്ച്ഡി നൽകാൻ അന്നത്തെ വി സി ശുപാർശ ചെയ്തതെന്നും പരാതിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ മുൻ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ് പ്രിൻസി. പിഎസ്‌സിയിലേത് രാഷ്ട്രീയ നിയമനമാക്കി മാറ്റുകയാണ് സർക്കാരെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്‌ൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും കൺവീനർ എം ഷാജർഖാനും ആരോപിച്ചു.