അഗ്രി. സയൻസ് കോൺഗ്രസിൽ സി.എം.എഫ്.ആർ.ഐ മാരികൾച്ചർ പാർക്കിൽ വലയിലാക്കാം, നേട്ടങ്ങൾ

Saturday 14 October 2023 12:33 AM IST
മാരികൾച്ചർ പാർക്ക്

കൊച്ചി: മത്സ്യോത്പാദനം വർദ്ധിപ്പിക്കാൻ മാരികൾച്ചർ പാർക്കുകൾ അനിവാര്യമെന്ന് കേന്ദ്ര സമുദ്രഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നിർദ്ദേശിച്ചു. മത്സ്യം വളർത്താനുള്ള കൂടുകൾ തീരക്കടലിൽ സ്ഥാപിക്കുന്ന നിശ്ചിത മേഖലയാണ് മാരികൾച്ചർ പാർക്ക്.

പലയിടങ്ങളിലായി അശാസ്ത്രീയമായി കൂടുകൾ സ്ഥാപിക്കാതെ തീരക്കടലിൽ കൂടുതൽ കൂടുകളൊരുക്കുന്ന പദ്ധതിക്ക് കേരളത്തിൽ സാദ്ധ്യതയേറെയാണെന്നും 16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ സി.എം.എഫ്.ആർ.ഐ വ്യക്തമാക്കി.
മാരികൾച്ചർ പാർക്കുകൾ തീരദേശ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകില്ലെന്ന് പ്രബന്ധം അവതരിപ്പിച്ച ഡോ. സുരേഷ്‌കുമാർ മൊജാഡ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ പുതിയ സങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനും അനുബന്ധ സൗകര്യങ്ങളൊരുക്കാനും കഴിയും.
ഇന്ത്യയിലാകെ 134 മേഖലകളിലായി 46,958 ഹെക്ടർ തീരക്കടൽ കൂടുമത്സ്യകൃഷിക്ക് അനുയോജ്യമാണെന്ന് സി.എം.എഫ്.ആർ.ഐ കണ്ടെത്തിയിരുന്നു. 333 മേഖലകളിൽ കടൽപ്പായൽ കൃഷിയും നടത്താം. കൂടുമത്സ്യകൃഷി, കടൽപ്പായൽ കൃഷി, ചിപ്പി വർഗങ്ങളുടെ കൃഷി, കടൽപ്പായലും കൂടുകൃഷിയും സംയോജിപ്പിച്ചുള്ള രീതി (ഇംറ്റ) എന്നിവയുടെ സങ്കേതികവിദ്യകളും വികസിപ്പിച്ചിട്ടുണ്ട്.
നാഷണൽ അക്കാഡമി ഒഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്), സി.എം.എഫ്.ആർ.ഐ എന്നിവ ഹോട്ടൽ ലെ മെറീഡിയനിൽ സംഘടിപ്പിച്ച പരിപാടി സമാപിച്ചു.

കൂടുകൃഷി എങ്ങനെ, നേട്ടങ്ങൾ
* കറൂപ്പ്, മോത, വറ്റ തുടങ്ങിയ മത്സ്യങ്ങൾ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കൂടുകളിൽ വളർത്താം

* മികച്ച വിളവ്. കൂടുതൽ മത്സ്യഇനങ്ങൾ ഉൾപ്പെടുത്താൻ പദ്ധതി

* തിരയടിച്ച് കൂടുകൾ തകരാത്ത മേഖലകളാണ് തിരഞ്ഞെടുക്കുക. മത്സ്യബന്ധന വള്ളങ്ങൾക്കോ ബോട്ടുകൾക്കോ തടസമുണ്ടാകില്ല
* ശത്രുമത്സ്യങ്ങളിൽ നിന്നു സംരക്ഷിക്കാനും കൂടുകൾ സഹായകം

Advertisement
Advertisement