മിൽമയിൽ പാലെത്തിച്ചതിലെ ക്രമക്കേട്: തുക തിരിച്ചുപിടിക്കാൻ നടപടി

Monday 16 October 2023 12:00 AM IST

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയനിലേക്ക് മഹാരാഷ്ട്രയിൽ നിന്ന് പാൽ കൊണ്ടുവരാൻ ടെൻഡർ വിളിക്കാതെ കരാർ നൽകിയതിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഇതോടെ അധികമായി നൽകിയ 46,18,920.10 രൂപ കരാറുകാരനിൽ നിന്ന് തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി. നഷ്ടമായ പണം കരാറുകാരൻ നൽകിയില്ലെങ്കിൽ ബാദ്ധ്യത മാനേജിംഗ് ഡയറക്ടറുടെ പേരിലാകും. പാൽ കൊണ്ടുവന്ന വാഹനം സഞ്ചരിച്ച ദൂരം കൂടുതൽ കാണിച്ച്, രേഖയുണ്ടാക്കി അധികമായി ഈടാക്കിയ പണം കരാറുകാരിൽ നിന്ന് തിരിച്ചു പിടിക്കാനായിരുന്നു ഓഡിറ്റിലെ ശുപാർശ .

മഹാരാഷ്ട്രയിലെ ഇന്ദാപൂരിൽ നിന്ന് പാൽകൊണ്ടുവരാൻ ഓംസായി ലോജിസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കിൽ കരാർ നൽകിയെന്നാണ് കണ്ടെത്തിയത്.

പാൽ ക്ഷാമമുണ്ടായപ്പോഴാണ് മഹാരാഷ്ട്രയിലെ സോനായി ഡയറിയിൽ നിന്ന് പാൽ വാങ്ങാൻ തീരുമാനിച്ചത്. ടെൻഡർ വിളിക്കാതെയാണ് കരാർ നൽകിയത്. മഹാരാഷ്ട്രയിലെ സ്ഥാപനത്തിൽ നിന്ന് തിരുവനന്തപുരം ഡയറിയിലേക്ക് ദേശീയപാതയിലൂടെ സഞ്ചരിച്ചാൽ 1481 കിലോമീറ്ററാണ് ദൂരമുള്ളത്. എന്നാൽ 3066 കിലോമീറ്റർ യാത്ര ചെയ്തതായി രേഖയുണ്ടാക്കിയാണ് കരാറുകാരൻ അധികം തുക വാങ്ങിയതെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. കൊല്ലത്തെ ഡയറിയിലേക്ക് മാണ്ഡ്യയിൽ നിന്ന് പ്രവീൺ എന്ന കരാറുകാരൻ കിലോമീറ്ററിന് 52.09 രൂപയ്ക്കാണ് പാലെത്തിച്ചത്. അതേസമയം, തിരുവനന്തപുരത്തെ ഡയറിയിലേക്ക് കിലോ മീറ്ററിന് 60 രൂപയ്ക്കാണ് കരാ‌ർ നൽകിയത്.

നഷ്‌ടമായ തുക കരാറുകാരനിൽ നിന്ന് അടിയന്തരമായി ഈടാക്കണമെന്നും കൃത്യവിലോപം കാണിച്ച അധികാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും മിൽമ മുൻ ചെയർമാൻ കല്ലട രമേശ് ആവശ്യപ്പെട്ടു.

Advertisement
Advertisement