നിയമസഭാ കയ്യാങ്കളി കേസ്; മന്ത്രി വി ശിവൻകുട്ടി കോടതിയിൽ ഹാജരായി, നിലവിൽ ഇടത് നേതാക്കൾ മാത്രം പ്രതികൾ

Monday 16 October 2023 11:59 AM IST

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി, എൽ ‌ഡി എഫ് കൺവീനർ ഇ പി ജയരാജൻ, എംഎൽഎ കെ ടി ജലീൽ എന്നിവർ തിരുവനന്തപുരം സി ജെ എം കോടതിയിൽ ഹാജരായി. കേസിൽ തുടരന്വേഷണ റിപ്പോ‌‌ർട്ട് സമർപ്പിച്ചിരുന്നു. കേസിന്റെ വിചാരണ തീയതി ഡിസംബർ ഒന്നിന് തീരുമാനിക്കും.

തുടരന്വേഷണത്തിന് കോടതി ക്രൈംബ്രാഞ്ചിനാണ് നിർദേശം നൽകിയിരുന്നത്. പുതിയ പ്രതികളെയൊന്നും ചേർക്കാതെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോ‌‌ർട്ട് സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ആറ് എൽ ഡി എഫ് നേതാക്കൾ ആണ് കേസിലെ പ്രതികൾ.

കേസ് വിചാരണ ഘട്ടത്തിൽ എത്തിനിൽക്കെ ഇടത് വനിതാ എംഎൽഎമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് മുൻ കോൺഗ്രസ് എംഎൽഎമാരെക്കൂടി പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ നൽകിയിരിക്കുകയാണ്. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെയാണ് പ്രതി ചേർക്കുന്നത്. മുൻ വനിതാ എംഎൽഎ ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേർക്കുക. പ്രത്യേകം കേസ് എടുത്തായിരിക്കും മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്.

2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനാണ് നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷ എം എൽ എമാർ പ്രശ്നം ഉണ്ടാക്കിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരയടക്കം നശിപ്പിച്ചു. ഇപ്പോൾ മന്ത്രിയായ വി ശിവൻകുട്ടിയ്ക്ക് പുറമെ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത് എന്നിവരടക്കമുള്ള എം എൽ എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻറോൺമെന്റ് പൊലീസ് അന്ന് കേസെടുത്തത്. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കാൻ പ്രതികൾ സുപ്രീം കോടതിവരെ പോയെങ്കിലും തിരിച്ചടി നേരിടുകയാണുണ്ടായത്.

Advertisement
Advertisement