രണ്ട് കിലോ സ്വർണവുമായി മൂന്നു പേർ പിടിയിൽ  കടത്തിയത് റോൾ, ക്യാപ്‌സ്യൂൾ രൂപങ്ങളിൽ

Wednesday 18 October 2023 12:11 AM IST

ശംഖുംമുഖം: വിദേശത്ത് നിന്ന് വ്യത്യസ്ത രീതികളിൽ രണ്ട് കിലോയിലധികം സ്വർണം കടത്താൻ ശ്രമിച്ച മൂന്നു പേർ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിൽ.

തിരുവനന്തപുരം ബീമാപള്ളി സ്വദേശി സെയ്യദലി (40), മാവേലിക്കര സ്വദേശി ഷിനാസ് (22), തമിഴ്നാട് തൃശ്നാപ്പള്ളി സ്വദേശി റിയാസ് അഹമ്മദ് (30) എന്നിവരെയാണ് വ്യത്യസ്ത സംഭവങ്ങളിലായി എയർകസ്റ്റംസ് പിടികൂടിയത്. സ്വർണത്തിന് ഒരുകോടി ഇരുപത് ലക്ഷം രൂപ വില വരും.

ഇന്നലെ രാവിലെ ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റസ് എയർലൈൻസിലാണ് റിയാസ് അഹമ്മദും സെയ്യദലിയുമെത്തിയത്. റിയാസ് 962.22 ഗ്രാം സ്വർണം കെമിക്കൽ രൂപത്തിലുള്ള ബോളുകളാക്കി വിഴുങ്ങി വയറ്റിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സെയ്യദലി 170.18 ഗ്രാം സ്വർണം അളക്കാൻ ഉപയോഗിക്കുന്ന മെഷറിംഗ് ടേപ്പിന്റെ റോളാക്കിയാണ് കടത്താൻ ശ്രമിച്ചത്. ഇവരുടെ പരിശോധനയ്‌ക്കിടെയാണ് ഷാർജയിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലുണ്ടായിരുന്ന ഷിനാസിനെ 870.4 3ഗ്രാം സ്വർണവുമായി പിടികൂടിയത്. മൂന്ന് ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. റിയാസിനെയും ഷിനാസിനെയും ടോയ്‌ലറ്റിലെത്തിച്ച് സ്വർണം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് മെഡിക്കൽ സഹായത്തോടെയാണ് സ്വർണം പുറത്തെടുത്തത്.

 പിടിയിലായത് കാരിയേഴ്സ്

പിടിയിലായവർ സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയറാണന്നും കൂടുതൽ ചോദ്യം ചെയ്തുവരികയാണന്നും അധികൃതർ വ്യക്തമാക്കി. ഷിനാസിന്റെയും റിയാസിന്റെയും അറസ്റ്റാണ് രേഖപെടുത്തിയത്. കുറഞ്ഞ അളവിൽ സ്വർണം കടത്തിയത് കാരണം സെയ്യദലിക്ക് ജാമ്യം നൽകി. സംസ്ഥാനത്തെ മറ്റുവിമാനത്താവളങ്ങളിൽ നീരക്ഷണം ശക്തമാക്കിയതോടെയാണ് തിരുവനന്തപുരത്തുകൂടിയുള്ള കടത്ത് കൂടിയത്. ഇത് സംബന്ധിച്ചുള്ള കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. എയർകസ്റ്റംസ് ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മിഷണർ എ.എം.നന്ദകുമാറിന്റ നേതൃത്വത്തിലാണ് ഇവരെ പിടിക്കൂടിയത്.

Advertisement
Advertisement