'കിരീടം" തലവര മാറ്റിയ വില്ലൻ

Wednesday 18 October 2023 1:24 AM IST

തിരുവനന്തപുരം: കിരീടം സിനിമയിലെ കീരിക്കാടൻ ജോസിന്റെ സന്ദതസഹചാരിയായ പരമേശ്വരൻ എന്ന കഥാപാത്രമായിരുന്നു കുണ്ടറ ജോണിയുടെ തലവര മാറ്റിയത്. നാലു ഭാഷകളിലേക്ക് കിരീടം മൊഴിമാറ്റപ്പെട്ടപ്പോഴും പരമേശ്വരനെ ജോണി അനശ്വരമാക്കി. ക്രൂരനായ പരമേശ്വരൻ ചെങ്കോലിൽ എത്തിയപ്പോൾ നല്ലവനായി. വ്യത്യസ്ത ദ്രുവങ്ങളിലെ രണ്ടു കഥാപാത്രങ്ങളും ജോണിയുടെ കൈകളിൽ ഭദ്രമായിരുന്നു. 40 വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ചെയ്തതിലേറെയും വില്ലൻ വേഷങ്ങൾ. എന്നാൽ ജീവിതത്തിൽ ജോണി ഹീറോ ആയിരുന്നു. ക്രൂരകഥാപാത്രങ്ങൾ ചെയ്യുന്നതിനാൽ ജോണിയുടെ സിനിമകൾ അച്ഛനും അമ്മയും കണ്ടിരുന്നില്ല. വിവാഹത്തോടെ റേപ്പ് സീനുകളിൽ അഭിനയിക്കുന്നത് നിറുത്തി. ഡിഗ്രി കഴിഞ്ഞ് കൊല്ലത്ത് പാരലൽ കോളേജിലെ കണക്ക് അദ്ധ്യാപകനായി. തുടർന്ന് സെയിൽസ് എക്സിക്യുട്ടീവായി ജോലി ചെയ്യുന്നതിനിടയിലാണ് കൂട്ടുകാരന്റെ അച്ഛൻ 'നിത്യവസന്തം" എന്ന സിനിമെയടുക്കുന്നത്. തമാശയ്ക്ക് ജോണിയും ചാൻസ് ചോദിച്ചു. അതായിരുന്നു ആദ്യ സിനിമ. തുടക്കക്കാരന്റെ പതർച്ചയില്ലാതെ തനിക്ക് ലഭിച്ച വേഷത്തെ അനശ്വരമാക്കിയ ജോണിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. എ.ബി.രാജിന്റെ 'കഴുകൻ" എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ ഹ്യൂമറും വഴങ്ങുമെന്ന് തെളിയിച്ചു. അവസാനചിത്രമായ മേപ്പടിയാനിൽ ജീവിതത്തിലെന്ന പോലെ കാലിന് സുഖമില്ലാതെ കഴിയുന്ന അച്ഛന്റെ വേഷമാണ് ചെയ്തത്. മലയാള സിനിമ തന്നെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്ന് അടുത്ത സുഹൃത്തുക്കളോട് ജോണി പറയുമായിരുന്നു. എങ്കിലും പരാതികളില്ലാതെയുള്ള വിടവാങ്ങലായിരുന്നു ജോണിയുടേത്.