ശബരിമലയിൽ അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് നടപ്പാക്കണം, കെ എസ് ആർ ടി സിക്കും ബാധകം; പിഴ ഈടാക്കാനും നിർദേശം

Wednesday 18 October 2023 2:48 PM IST

കൊച്ചി: മണ്ഡല കാലത്ത് ശബരിമലയിൽ അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് നടപ്പാക്കണമെന്ന് ഹൈക്കോടതി. കെ എസ് ആർ ടി സി ബസുകളിലും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാരങ്ങൾ പാടില്ലെന്നും അത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സർക്കാർ ബോർഡ് വച്ച് വരുന്ന തീർത്ഥാടക വാഹനങ്ങൾക്ക് നേരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. തീർത്ഥാടക വാഹനങ്ങൾ പൂക്കളും മറ്റും വച്ച് അലങ്കരിച്ചാണ് ശബരിമലയിലേക്ക് കൊണ്ടുവരുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

കൂടാതെ നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നും മുൻ ഉത്തരവിലെ നിർദേശങ്ങൾ ക‌ർശനമായി പാലിക്കണമെന്നും കോടതി നിർദേശം നൽകി. അലങ്കരിച്ച വാഹനങ്ങൾ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണിയാണെന്ന് വിമർശനമുയർന്നിരുന്നു.

അതേസമയം, ഈ വർഷത്തെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്ന ഉന്നതതല യോഗം ഇന്ന് വൈകിട്ട് 3.30ന് തൈക്കാട് ഗസ്റ്റ് ഹൗസ് ഹാളിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. നവംബർ 17 ന് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കും. തീർത്ഥാടന കാലത്ത് വിവിധ വകുപ്പുകൾ ഒരുക്കേണ്ട സൗകര്യങ്ങൾ, തീർത്ഥാടക ക്രമീകരണത്തിനായുള്ള ആധുനിക സൗകര്യങ്ങൾ, തയ്യാറെടുപ്പുകൾ തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തും.