പി.എൻ. മഹേഷ് ശബരിമല മേൽശാന്തി

Thursday 19 October 2023 12:35 AM IST

ശബരിമല: മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് മനയിൽ പി.എൻ മഹേഷ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ തൊഴിയൂർ വടക്കേക്കാട്ട് പൂക്കാട്ട് മനയിൽ പി.ജി മുരളിയാണ് മാളികപ്പുറം മേൽശാന്തി. വൃശ്ചികം ഒന്നുമുതൽ അടുത്ത തുലാം 30വരെയാണ് കാലാവധി.

ഇന്നലെ ഉഷഃപൂജയ്ക്കുശേഷം എട്ടുമണിക്കായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ വൈദേഹ് എം.വർമ്മ സന്നിധാനം മേൽശാന്തിയേയും നി​രു​പ​മ​ ​ജി.​വ​ർ​മ്മ​ മാളികപ്പുറം മേൽശാന്തിയേയും നറുക്കെടുത്തു. സന്നിധാനം മേൽശാന്തി പട്ടികയിൽ ഉണ്ടായിരുന്നത് 17 പേ‌ർ. ഇവരുടെ പേരെഴുതിയ പേപ്പർ ചുരുളുകളാക്കി ഒരു വെള്ളിക്കുടത്തിലും മറ്റൊന്നിൽ 16 വെള്ളപ്പേപ്പറും മേൽശാന്തി എന്ന് എഴുതിയ പേപ്പറും ചുരുളുകളാക്കി ഇട്ടു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കുടങ്ങൾ ശ്രീലകത്ത് കൊണ്ടുപോയി പൂജിച്ച് കൈമാറി. ആദ്യ നറുക്കിൽതന്നെ പി.എൻ.മഹേഷിന്റെ പേരും മേൽശാന്തി എന്നെഴുതിയ പേപ്പറും ഒത്തുവന്നു.

സമാന രീതിയിലായിരുന്നു മാളികപ്പുറം നറുക്കെടുപ്പും. 12 പേരായിരുന്നു പട്ടികയിൽ. ഏഴാമത്തെ നറുക്കിലാണ് പി.ജി.മുരളിയെ തിരഞ്ഞെടുത്തത്. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം.മനോജിന്റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. ദേവസ്വം പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റിസ് പത്മനാഭൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ രണ്ട് മേൽശാന്തിമാരിൽ ഒരാളാണ് പി.എൻ മഹേഷ്. പി.ജി മുരളി ഹെെദരാബാദിലെ സോമാജിഗുഡ അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.