ഹരിഃശ്രീ'യ്ക്കു പുറമേ 'അല്ലാഹു അക്ബർ', 'യേശുവേ സ്തുതി' എന്നീ പ്രാർത്ഥനകൾകൂടി വേണമെന്ന് ഹർജി, കോടതിയുടെ മറുപടി ഇങ്ങനെ

Saturday 21 October 2023 3:54 PM IST

കൊച്ചി: മട്ടന്നൂർ നഗരസഭയിലെ ഗ്രന്ഥശാലാ കമ്മിറ്റിയുടെ വിദ്യാരംഭ ചടങ്ങിൽ കുട്ടികളെക്കൊണ്ട് അവരവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർത്ഥനകൾ എഴുതിക്കാൻ രക്ഷിതാക്കൾക്ക് പൂർണസ്വാതന്ത്ര്യമുണ്ടെന്നും സംഘാടകരായ ഗ്രന്ഥശാലാ കമ്മിറ്റി ഇത് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

'ഹരിഃശ്രീ' യ്ക്കു പുറമേ 'അല്ലാഹു അക്ബർ', 'യേശുവേ സ്തുതി' എന്നീ പ്രാർത്ഥനകൾകൂടി എഴുതാമെന്ന് സംഘാടകർ നോട്ടീസിൽ പറഞ്ഞിരുന്നു. ഹിന്ദുമത ആചാരങ്ങൾ പാലിച്ച് നടത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷൻ കേരള ചാപ്റ്റർ കൺവീനർ കെ.ആർ. മഹാദേവൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.

മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്‌മാരക സ്കൂളിൽ നടത്തുന്ന വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കുകയോ വിശ്വാസങ്ങൾക്ക് വിരുദ്ധമായ പ്രാർത്ഥന എഴുതാൻ നിർബന്ധിക്കുകയോ ചെയ്യില്ലെന്ന് സംഘാടകർ ഹൈക്കോടതിയിൽ ഉറപ്പുനൽകിയിരുന്നു. ഇതു രേഖപ്പെടുത്തിയാണ് തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചത്.

കുട്ടികൾ എഴുതേണ്ട അക്ഷരമന്ത്രം രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാമെന്ന് കോടതി വ്യക്തമാക്കി. രക്ഷിതാക്കളുടെ താത്പര്യത്തിന് വിരുദ്ധമായി എഴുതിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കും.

മതേതരമായ കാഴ്ചപ്പാടോടെ നിയമലംഘനമില്ലാതെ ചടങ്ങ് നടത്തുന്നിടത്തോളം കോടതി ഇടപെടേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. തുടർന്നാണ് ഹർജി തീർപ്പാക്കിയത്.