മെഡിക്കൽ സർവീസസ് കോർപറേഷനിലെ സി എ ജി റിപ്പോർട്ട് ഞെട്ടിക്കുന്നത്, ചാത്തൻ മരുന്നുകൾ സുലഭം: ഗുരുതര ആരോപണങ്ങളുമായി വി ഡി സതീശൻ

Tuesday 24 October 2023 11:46 AM IST

കൊച്ചി: മെഡിക്കൽ സർവീസസ് കോർപറേഷനിലെ സി എ ജി റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ പല ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്‌തെന്നും ചില മരുന്നുകൾ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവമാണ്. ചാത്തൻ മരുന്നുകൾ സുലഭമായിരിക്കുകയാണ്. പർച്ചേസിന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വിണ ജോർജും അംഗീകാരം നൽകിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

രോഗികൾക്ക് ജീവഹാനി വരുത്തുന്ന രീതിയിലാണ് പണം തട്ടിയതെന്നും വി ഡി സതീശൻ ആരോപിച്ചു. "കൊള്ളയാണ് നടക്കുന്നത്. ഇരുപത്തിയാറ് ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു. മരുന്ന് കൊളളയിൽ മുഖ്യമന്ത്രി പ്രതികരിക്കണം. 1610 ബാച്ച് മരുന്നുകൾക്ക് കാലാവധി നിബന്ധന പാലിക്കപ്പെട്ടില്ല. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണം."- അദ്ദേഹം ആരോപിച്ചു.

മാസപ്പടി വിവാദത്തിൽ ഇ ഡി അന്വേഷണം നടന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. പാർട്ടി നിർദേശപ്രകാരമാണ് മാത്യു കുഴൽനാടൻ എം എൽ എ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളിപ്പിച്ചെന്ന വിഷയമാണ് പ്രധാനമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.