തേജ് ചുഴലിക്കാറ്റ് യെമൻ തീരം തൊട്ടു; ഒമാനിൽ ശക്തമായ മഴ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ

Tuesday 24 October 2023 11:49 AM IST

സനാ: അറബിക്കടലിൽ രൂപംകൊണ്ട ശക്തിയേറിയ തേജ് ചുഴലിക്കാറ്റ് യെമൻ തീരത്ത് കരതൊട്ടു. ഇന്ന് പുലർച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിൽ അൽ മഹ്‌റയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്.

യെമനും ഒമാനുമിടയിൽ അൽ ഗൈദാക്കിനും സലാലയ്ക്കും ഇടയിലായുള്ള തീരത്ത് തേജ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗതയാണ് പ്രവചിക്കപ്പെട്ടിരുന്നത്.

അതേസമയം, തേജിന്റെ പ്രഭാവത്തിൽ ഒമാനിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെയാണ് മഴ തുടങ്ങിയത്. മഴ ശക്തമാകുന്ന സാഹചര്യചത്തിൽ തീരപ്രദേശങ്ങളിൽ നിന്നടക്കം നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്‌ചവരെ മഴ തുടരുമെന്നാണ് സൂചന.

ഒമാനിലെ ദോഫർ ഗവർണറേറ്റിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇവിടെ 200 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പുള്ളത്. മിന്നൽ പ്രളയത്തിനും സാദ്ധ്യതയുണ്ട്. അൽ മഹ്‌റ ഗവർണറേറ്റിൽ മണ്ണിടിച്ചിലുണ്ടായെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

ചിലയിടങ്ങളിൽ ജലസ്രോതസുകൾ കരകവിഞ്ഞൊഴുകിയതിനാൽ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്. രഖ്യുത്, ദാൽകുത് പ്രദേശങ്ങളിൽ വൈദ്യുതി തകരാറിലായി. ഖോർ മുഖാസിലെ പ്രധാന റോഡുകളിൽ ഗതാഗതത്തിന് വിലക്കേർപ്പെടുത്തി. തേജ് ചുഴലിക്കാറ്റിനെ തുടർന്ന് അഡൂംബ് താഴ്‌വരയിൽ വെള്ളം കരകവിഞ്ഞൊഴുകിയതായിരുന്നു കാരണം.