കേരളകൗമുദിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം

Wednesday 25 October 2023 4:02 AM IST

തിരുവനന്തപുരം: കേരളകൗമുദിയുടെ അക്ഷരമുറ്റത്ത് അറിവിന്റെ ആദ്യാക്ഷരം കുറിച്ച് നൂറിലേറെ കുരുന്നുകൾ. പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ ചിരിച്ചും ചിണുങ്ങിയും എത്തിയ കുരുന്നുകളെ മധുരം നൽകിയാണ് വരവേറ്റത്. വെറ്റിലയും അടയ്ക്കയും ദക്ഷിണവച്ച് ആചാര്യന്മാർ വിരൽത്തുമ്പ് പിടിച്ച് ഹരിഃശ്രീ കുറിച്ചു. ന്യൂറോ വിദഗ്ദ്ധൻ ഡോ.മാർത്താണ്ഡപിള്ള, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ, നർത്തകി ഡോ.നീനാ പ്രസാദ്, ന്യൂറോളജിസ്റ്റ് ഡോ.ഷാജി പ്രഭാകരൻ എന്നിവരാണ് ആചാര്യസ്ഥാനം വഹിച്ചത്. ആചാര്യന്മാരും കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്, ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി എന്നിവരും ചേർന്ന് ഭദ്രദീപം കൊളുത്തി. ആരാവണമെന്നും പഠിക്കാൻ ഇഷ്ടമാണോയെന്നും ആചാര്യന്മാർ കുരുന്നുകളോട് കുശലം ചോദിച്ചു. പാടാനും വരയ്ക്കാനുമാണ് ഇഷ്ടം എന്നായിരുന്നു ചിലരുടെ മറുപടി. പൗഡിക്കോണം പടിപ്പുര ഇല്ലത്തെ തന്ത്രി നീലകണ്ഠ യോഗീശ്വർ മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ എട്ടിന് ആരംഭിച്ച ചടങ്ങുകൾ 9.30വരെ തുടർന്നു. കേരളകൗമുദിയുടെ മറ്റ് യൂണിറ്റുകളിലും വിദ്യാരംഭച്ചടങ്ങുകൾ നടന്നു.

കേരളകൗമുദിയുടെ

സ്നേഹസമ്മാനം

ആദ്യാക്ഷരം കുറിക്കാനെത്തിയ എല്ലാ കുട്ടികൾക്കും കേരളകൗമുദി വാട്ടർ ബോട്ടിലും ടിഫിൻ ബോക്സും പുസ്തകവും അടങ്ങിയ സമ്മാനപ്പൊതികൾ നൽകി. കുഞ്ഞുങ്ങളുടെ ഫോട്ടോ പാരമൗണ്ട് സ്റ്റുഡിയോ സൗജന്യമായി പ്രിന്റെടുത്ത് നൽകും. ആചാര്യസ്ഥാനം വഹിച്ച ഡോ.മാർത്താണ്ഡപിള്ളയെ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ, എം.സി.ദത്തനെ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി, എ.ഹേമചന്ദ്രനെ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്, ഡോ.നീനാ പ്രസാദിനെ പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു , ഷാജി പ്രഭാകരനെ ജനറൽ മാനേജർ(പരസ്യ വിഭാഗം) എ.സുധീർ കുമാർ എന്നിവർ ആദരിച്ചു.