ഉരുൾപൊട്ടി ഒരേക്കറോളം കൃഷിയിടം നശിച്ചു; 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
നെടുങ്കണ്ടം: ഉരുൾപൊട്ടലിനെ തുടർന്ന് നെടുങ്കണ്ടത്തിന് സമീപം പച്ചടിയിൽ ഒരേക്കറോളം കൃഷിഭൂമി ഒലിച്ചുപോയി. പച്ചടി ചൊവ്വേലികുടിയിൽ വിനോദിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടമാണ് ഇന്നലെ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ നശിച്ചത്. ഉരുൾപൊട്ടലുണ്ടായ മേഖലയിലെ 25 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പച്ചടി സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാളിൽ ക്യാമ്പ് തുറന്നതായി ഉടുമ്പഞ്ചോല ഡെപ്യൂട്ടി തഹസീൽദാർ അറിയിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അപകട സാദ്ധ്യത മേഖലകളിൽ നിന്നും മാറി താമസിക്കാൻ കളക്ടർ നിർദ്ദേശം നൽകിയത്. ബന്ധുവീടുകളിലേക്ക് മാറാൻ സാധിക്കാത്തവർക്കായി പച്ചടി സെന്റ് ജോസഫ് പാരീഷ് ഹാളിൽ ക്യാമ്പ് തുടങ്ങി. ഇവിടേക്ക് 14 കുടുംബങ്ങളാണ് എത്തിയിരിക്കുന്നത്. ബാക്കിയുള്ളവർ ബന്ധു വീടുകളിലേക്ക് മാറി. ഫയർ ഫോഴ്‌സും റവന്യുസംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായ മഴ പെയ്തിരുന്നു. തിങ്കളാഴ്ച രാത്രിയിൽ നെടുങ്കണ്ടം പച്ചടി പത്തുവളവ് പാതയുടെ സമീപത്ത് നിന്നാണ് ഉരുൾപൊട്ടിയത്. നൂറോളം കുരുമുളക് ചെടികളും വാഴയും അടക്കം കൃഷികൾ നശിച്ചു. പച്ചടി ചൊവ്വേലികുടി വിനോദിന്റെ കൃഷിയിടമാണ് നശിച്ചത്. മണ്ണ് ഒലിച്ച് പോയതിനെ തുടർന്ന് ഗ്രാമീണ പാത അപകടാവസ്ഥയിലാണ്. മുൻ വർഷങ്ങളിൽ സമീപ മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടിരുന്നു.
അച്ഛനും മകനും
മിന്നലിൽ പരിക്കേറ്റു
മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ നെടുങ്കണ്ടം തേർഡ് ക്യാമ്പിൽ വീടിനുള്ളിൽ ഇരിക്കുകയായിരുന്ന മൂലശേരിൽ സുനിലിനും മകൻ ശ്രീനാദിനും മിന്നലേറ്റു. ശ്രീനാഥ് അപകടനില തരണം ചെയ്തു. സാരമായി പരിക്കേറ്റ സുനിൽ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് എഴുകുംവയലിൽ മിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റിരുന്നു.