വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ
ആലുവ: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതിയെ എടയാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പാമ്പാംപള്ളം അട്ടപ്പള്ളം വീട്ടിൽ കുട്ടി മധു എന്നു വിളിക്കുന്ന മധു മണികണ്ഠനാണ് (29) മരിച്ചത്.
എടയാറിൽ പ്രവർത്തനം നിലച്ച ബിനാനി സിങ്ക് കമ്പനിയിലെ സ്‌ക്രാപ്പ് നീക്കുന്ന സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന മുറിയിൽ ഇന്നലെ രാവിലെ ഏഴരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒന്നര വർഷമായി മധു ഇവിടെ ജോലി ചെയ്യുകയായിരുന്നു.
ഇന്നലെ രാവിലെ ഏഴോടെ എത്തി മറ്റൊരു ജീവനക്കാരന്റെ മുറിയിൽ കയറി ഇലക്ട്രിക് വയർ കുരുക്കി തൂങ്ങി മരിക്കുകയായിരുന്നു. ഉച്ചയോടെയാണ് വാളയാർ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്.
മൃതദേഹം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാേർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ബിനാനിപുരം പൊലീസ് ഇൻസ്പെക്ടർ സുനിൽ പറഞ്ഞു.
ദിവസങ്ങൾക്കു മുമ്പ് കമ്പനിയിൽ നിന്ന് കോപ്പർ ഉൾപ്പെടെ കാണാതായതിനു പിന്നിൽ മധുവാണെന്ന് വ്യക്തമായിരുന്നതായി പൊലീസ് പറഞ്ഞു.