വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കുമടക്കം വരുമാനം നേടാം, പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്താനും അവസരം; ഓൺലൈൻ കൂട്ടായ്മയുമായി ഖാദി ബോർഡ്

Thursday 26 October 2023 5:16 PM IST

തിരുവനന്തപുരം: ഖാദി ഇഷ്ടപ്പെടുന്നവരുടെ ഓൺലൈൻ കൂട്ടായ്മയുമായി ഖാദി ഗ്രാമവ്യവസായ ബോർഡ്. ഖാദി ലവേഴ്സ് നെറ്റ്‌വർക്ക് എന്ന പേരിലാണ് കൂട്ടായ്മ ആരംഭിക്കുന്നത്. കൂട്ടായ്മയിൽ അംഗമാകുന്നവർക്ക് അവരവരുടെ അഭിരുചിക്കനുസരിച്ച് ഖാദി വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് വില്ക്കാനാകും. ഇവർക്കാവശ്യമായ ഖാദി തുണി ബോർഡ് ലഭ്യമാക്കും. ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങളും ഇത്തരത്തിൽ ഓൺലൈനായി വില്ക്കാനാകുമെന്ന് ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ കൂട്ടായ്മയിൽ അംഗമായി ഉത്പന്നങ്ങൾ വില്പന നടത്തി വരുമാനം നേടാനാകും. ബിസിനസിനുപരി പുതിയ ട്രെൻഡുകൾ ഉണ്ടാക്കാനും അവ പരിചയപ്പെടുത്താനും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകും. ഖാദി ബോർഡിൽനിന്ന് വാങ്ങുന്ന തുണിത്തരങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾ മാത്രമേ ഇതുവഴി വിതരണം ചെയ്യാനാകൂ. കൂട്ടായ്മയിലുള്ളവർക്ക് 13 ശതമാനം മാർജിൻ ബോർഡ് നൽകും. ഖാദി ബോർഡിൽ രജിസ്റ്റർ ചെയ്താകും കൂട്ടായ്മ പ്രവർത്തിക്കുക. ഖാദി ഉത്പന്നങ്ങൾ ഓൺലൈനായി വിൽക്കാൻ ഖാദി മൊബൈൽ ആപ്പ് തയ്യാറാക്കുന്നത് പരിഗണനയിലാണെന്നും പി ജയരാജൻ പറഞ്ഞു. നെറ്റ്‌വർക്കിന്റെ നിയന്ത്രണം മുഴുവൻ ഖാദിബോർഡ് വഴിയാണ്.ഡിസൈൻ ചെയ്യുന്നവർക്ക് ഖാദിയിൽ നിന്ന് മാത്രമേ തുണി വാങ്ങാവൂ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ​:9447946691.