വി.സി നിയമനം വീണ്ടും നിയമ പോരിലേക്ക്

Saturday 28 October 2023 12:00 AM IST

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിൽ കുടുങ്ങി 8 സർവകലാശാലകളിൽ

വൈസ്ചാൻസലർമാരെ നിയമിക്കാത്തത് നിയമ പോരിലേക്ക് . വി.സിമാരെ നിയമിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഒരക്കാഡമിക് വിദഗ്ദ്ധൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകാനൊരുങ്ങുന്നു. 10ലക്ഷത്തിലേറെ വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി സെർച്ച് കമ്മിറ്റിയുണ്ടാക്കി ഉടൻ വി.സി നിയമനം നടത്തണമെന്നാണ് ആവശ്യം. 'കേരളകൗമുദി' വ്യാഴാഴ്ച പ്രസിദ്ധീകരിച്ച

'വി. സിമാരില്ല, കലാശാലകൾ കുത്തഴിഞ്ഞിട്ട് ഒരു കൊല്ലം' എന്ന റിപ്പോർട്ടിനെ തുടർന്നാണ്

ഹർജി.

കേരള, എം.ജി, കുസാറ്റ്, മലയാള, കാർഷിക, ഫിഷറീസ്, നിയമ, സാങ്കേതിക വാഴ്സിറ്റികളിലാണ് സ്ഥിരം വി.സിമാരില്ലാത്തത്. സംസ്കൃത, കാലിക്കറ്റ്, ഓപ്പൺ, ഡിജിറ്റൽ വി.സിമാർക്ക് ഗവർണറുടെ പുറത്താക്കൽ നോട്ടീസുമുണ്ട്. വി.സിമാരില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ പരാതി പരിഹാരമടക്കം പ്രതിസന്ധിയിലാണ്. അദ്ധ്യാപക നിയമനങ്ങളും നടക്കുന്നില്ല. സ്ഥിരം വി.സി വന്നിട്ട് നിയമനങ്ങളും നയപരമായ തീരുമാനവുമാകാമെന്നാണ് താത്കാലിക വി.സിമാരുടെ നിലപാട്. ഗവർണർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ്, സിൻഡിക്കേറ്റ് പ്രതിനിധികളെ നൽകാത്തതാണ് പ്രശ്നം. സർക്കാർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റിയുണ്ടാക്കാൻ ശ്രമിച്ചതും വിജയിച്ചില്ല.

2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം സെർച്ച് കമ്മിറ്റിയുണ്ടാക്കി വി.സിമാരെ നിയമിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.സർവകലാശാലാ നിയമ പ്രകാരം പലയിടങ്ങളിൽ സെർച്ച് കമ്മിറ്റി പല രീതിയിലാണ്. കേരള, കാലിക്കറ്റ് വാഴ്സിറ്റികളിൽ സെനറ്റിന്റെയും എം.ജി, കണ്ണൂർ, കുസാറ്റ് വാഴ്സിറ്രികളിൽ സിൻഡിക്കേറ്റിന്റെയും മലയാളം വാഴ്സിറ്റിയിൽ സർക്കാരിന്റെയും പ്രതിനിധിയാണ് സെർച്ച് കമ്മിറ്റിയിലുള്ളത്. സാങ്കേതിക വാഴ്സിറ്റിയിൽ ചീഫ്സെക്രട്ടറി സമിതിയംഗമാണ്. വി.സി നിയമനത്തിൽ സർക്കാർ ഇടപെടരുതെന്ന് കോടതി ഉത്തരവുകളുണ്ട്. സെർച്ച് കമ്മിറ്റിയിലെ ക്രമക്കേട് കണ്ടെത്തി രണ്ട് വി.സിമാരെ കോടതി പുറത്താക്കി.

എന്നാൽ വി.സിയെ നിയമിക്കാൻ മാത്രമാണ് ഗവർണർക്ക് അധികാരമുള്ളതെന്നും, അപേക്ഷ ക്ഷണിക്കുന്നതും പാനലുണ്ടാക്കുന്നതുമടക്കം സർക്കാർ ചെയ്യുമെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വാദം. നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു. സർവകലാശാലാ അദ്ധ്യാപക നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി സിൻഡിക്കേറ്റിന്റെ അനുമതിയോടെ വൈസ്ചാൻസലറാണ് രൂപീകരിക്കുന്നത്. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ വാഴ്സിറ്റിയുമായി ബന്ധമുള്ളവർ പാടില്ല. വാഴ്സിറ്റികളുടെ പ്രോ ചാൻസലർ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണെന്നിരിക്കെ ,എങ്ങനെ സർക്കാരിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാനാവുമെന്നാണ് ഗവർണറുടെ ചോദ്യം.

നിർണായകം

യു.ജി.സി നിലപാട്

 ഹർജിയിൽ നിർണായകമാവുക യു.ജി.സി നിലപാട്.

സെർച്ച് കമ്മിറ്റിയുടെ ഘടനയിൽ യു.ജി.സിക്ക് അഭിപ്രായമറിയിക്കാം.