മുതിർന്ന ആർഎസ്‌എസ് പ്രചാരക് ആർ ഹരി അന്തരിച്ചു
കൊച്ചി: മുതിർന്ന ആർ എസ് എസ് പ്രചാരക് ആർ ഹരി അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. കേരത്തിൽ നിന്ന് ആർ എസ് എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകനായിരുന്നു. ആർ എസ് എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രവർത്തകർക്ക് 'ഹരിയേട്ടൻ' ആയിരുന്നു ആർ ഹരിയെന്ന രംഗഹരി. നിരോധനക്കാലത്ത് സംസ്ഥാനത്ത് ആർ എസ് എസിനെ നയിച്ച അദ്ദേഹം ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. പതിമൂന്നാം വയസിലാണ് സംഘപ്രവർത്തനം ആരംഭിച്ചത്.
എറണാകുളം ടി.ഡി ക്ഷേത്രത്തിന് സമീപം രംഗഷേണായിയുടെയും പത്മാവതിയുടെയും മകനായാണ് ജനനം. ക്ഷേത്രത്തിന് സമീപം കളിച്ചുനടക്കുന്ന കാലത്താണ് മഹാരാഷ്ട്രയിൽ നിന്നുള്ള പ്രചാരകൻ ചിഞ്ചോൽക്കർ ആർ എസ് എസ് ശാഖ ആരംഭിക്കാൻ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ സംസാരമാണ് തന്നെ ആകർഷിച്ചതെന്ന് ഹരി പറയുന്നു. പത്ത്, പതിനഞ്ചുപേർ ചേർന്ന് ശാഖ രൂപീകരിച്ചു. പതിമൂന്ന് വയസാണന്ന്. ശാഖയിലെ പതിവ് പങ്കാളിത്തവും വായനയിലൂടെ കൂടുതൽ വിവരങ്ങൾ അറിയുകയും ചെയ്തതോടെ താല്പര്യം വർദ്ധിച്ചു. ഇന്ത്യൻ സംസ്കാരം, തത്വചിന്ത തുടങ്ങിയവ വിശദമായി മനസിലാക്കി. സ്വാമി ആഗമാനന്ദ വഴികാട്ടിയുമായി.
മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടിയതോടെ പൂർണസമയ ആർ എസ് എസ് പ്രവർത്തകനായി. വടക്കൻ പറവൂരിൽ പ്രചാരകനായി തുടക്കം കുറിച്ചു. മഹാത്മാഗാന്ധി വധത്തിനുശേഷം ആർ എസ് എസിനെ നിരോധിച്ചപ്പോൾ ഹരി അറസ്റ്റിലായി. കണ്ണൂരിലെ ജയിലിലാണ് പാർപ്പിച്ചത്. അവിടുത്തെ ലൈബ്രറി ഉപയോഗിച്ച് കൂടുതൽ അറിവ് നേടാൻ ജയിൽവാസക്കാലം വിനിയോഗിച്ചു. പുറത്തിറങ്ങിയെങ്കിലും ആർ എസ് എസ് പ്രവർത്തനം എളുപ്പമായിരുന്നില്ല. പലതവണ പൊലീസ് അറസ്റ്റു ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് രാജ്യം മുഴുവൻ സഞ്ചരിച്ച് പ്രവർത്തിച്ചു.
1982 ൽ അദ്ദേഹം അഖിലേന്ത്യാ പ്രചാരകനായി. സംഘത്തിന്റെ പ്രവർത്തനം വിപുലവും ജനകീയവും എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്നതുമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. 1990 ൽ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖുമായി. ആർ എസ് എസിന്റെ ആശയങ്ങൾ കൂടുതൽ മേഖലകളിൽ എത്തിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. ഭാരതീയ ശിക്ഷാ മണ്ഡൽ, വിദ്യാഭാരതി, അജതി സാഹിത്യ പരിഷത്ത് തുടങ്ങിയവയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു.
ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥയ്ക്കെതിരെ ആർ എസ് എസ് നിലപാട് സ്വീകരിച്ചതിലും ആർ ഹരിയുടെ പങ്കുണ്ടായിരുന്നു. 1973 ൽ പൂനെയിലെ യോഗത്തിലാണ് ജാതിനിരാകരണം, സമുദായ പരിഷ്കരണം, സേവാപ്രവർത്തനം തുടങ്ങിയവ ആർ എസ് എസ് തീരുമാനിച്ചത്. ഡോ. ഹെഡ്ഗേവാർ ജന്മശതാബ്ദി ഉൾപ്പെടെ നിരവധി ആഘോഷങ്ങളും പരിപാടികളും സേവനപ്രവർത്തനങ്ങളും സംഘടിപ്പിച്ചതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു.
പുസ്തകങ്ങൾ വായിച്ചുതുടങ്ങിയ അദ്ദേഹം പുതുതലമുറയുടെ ഇ വായനയെയും ഇഷ്ടപ്പെട്ടിരുന്നു. ഏത് നവീന ആശയങ്ങളെക്കുറിച്ചും ലളിതമായും കൗതുകം ജനിപ്പിക്കുന്ന വിധത്തിലും എഴുതാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. രചനയിൽ മാത്രമല്ല, പ്രഭാഷണത്തിലും അനായാസം കേൾവിക്കാരെ പിടിച്ചിരുത്താൻ അദ്ദേഹത്തിന് സാധിച്ചു. പുസ്തകങ്ങൾ വായിക്കുകയല്ല, പഠിക്കുകയാണ് തന്റെ രീതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വായിക്കുമ്പോൾ കുറിപ്പുകൾ എഴുതുന്നതും ശീലമായിരുന്നു. ശ്രദ്ധേയമായ ഭാഗങ്ങൾ പുസ്തകങ്ങളിൽ പെൻസിൽ കൊണ്ട് രേഖപ്പെടുത്തും. യാത്രകൾ, കാത്തിരിപ്പുസമയം എന്നിവയെല്ലാം വായനയ്ക്ക് വിനിയോഗിക്കും. എഴുത്തിന് പ്രത്യേക ഒരുക്കങ്ങളില്ല. എഴുത്ത് തനിയെ വരുന്നതാണ്, ഇടയ്ക്കു നിറുത്തിയാലും തുടർച്ച ലഭിക്കാൻ വിഷമമില്ല. ആർ എസ് എസിന് പുറത്തും അദ്ദേഹം ബന്ധങ്ങൾ സൂക്ഷിച്ചിരുന്നു.
പ്രചാരകനായി 1992 മുതൽ 2005 വരെ പ്രവർത്തിച്ചതിനിടെ നിശ്ചയിച്ച ഒരു പരിപാടിയിൽ പോലും പങ്കെടുക്കാതെയിരുന്നിട്ടില്ല. അഞ്ചു ഭൂഖണ്ഡങ്ങളിലും ആർ എസ് എസ് പ്രചാരണവുമായി അദ്ദേഹം പോയിട്ടുണ്ട്. ഗുരുജി ഗോൾവക്കർ ഉൾപ്പെടെ അഞ്ച് ആർ എസ് എസ് മേധാവികൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.