പൊട്ടിച്ചത് 3 ഐ.ഇ.ഡി ബോംബ്; പഠിച്ചത് ഇന്റർനെറ്റ് നോക്കി

Monday 30 October 2023 12:08 AM IST

കൊച്ചി: യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സ്‌ഫോടനത്തിന് പ്രതി ഡൊമിനിക് മാർട്ടിൻ ഉപയോഗിച്ചത് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഇംപ്രൊവൈഡ്‌ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഇനത്തിലുള്ള മൂന്നു ബോംബുകൾ. ടിഫിൻ ബോക്‌സിലാക്കിയാണ് ഇവ ഹാളിൽ എത്തിച്ചത്. ഇതിനൊപ്പം പെട്രോൾ നിറച്ച കുപ്പികളും വച്ചിരുന്നു. ഉഗ്രസ്‌ഫോടനത്തോടെ ബോംബ് പൊട്ടുകയും പെട്രോളിലൂടെ തീ ആളിപ്പടരുകയുമായിരുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഇത് പൊട്ടിക്കുന്ന വിധം ഡൊമിനിക്കിന്റെ ഫോണിൽ നിന്നു തന്നെ പൊലീസിനു ലഭിച്ചു.

ആറ് മാസമെടുത്ത് ഇന്റർനെറ്റിലൂടെയാണ് ഡൊമിനിക് ബോംബ് ഉണ്ടാക്കാൻ പഠിച്ചത്. കളമശേരിയിൽ നിന്ന് ടിഫിൻ ബോക്‌സ് വാങ്ങി. ഇലക്ട്രോണിക്സ് സാമഗ്രികൾ ജില്ലയുടെ വിവിധയിടങ്ങളിൽ നിന്ന് സംഘടിപ്പിച്ചു.

കൺവെൻഷൻ ഹാളിൽ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഫോടനത്തിന് ഉപയോഗിച്ച ബാറ്ററിയടക്കം ലഭിച്ചു. ഇവ പരിശോധിച്ചുവരികയാണ്. മൂന്ന് ദിവസത്തെ കൺവെൻഷനിൽ വിശ്വാസികൾ വീട്ടിൽ നിന്നാണ് ഭക്ഷണം കൊണ്ടുവന്നിരുന്നത്. ഇത് അറിയാവുന്നതിനാലാണ് പ്രതി ബോംബുണ്ടാക്കാൻ ടിഫിൻ ബോക്‌സ് തിരഞ്ഞെടുത്തതെന്നാണ് നിഗമനം. ഐ.ഇ.ഡി ബോംബ് പ്രവർത്തിപ്പിച്ച റിമോട്ട് കൺട്രോളർ ഡൊമിനിക്കിൽ നിന്ന് പൊലീസ് കണ്ടെത്തി.

ഐ.ഇ.ഡി ബോംബ്

റിമോർട്ട് കൺട്രോളറോ ടൈമറോ ഉപയോഗിച്ച് സ്‌ഫോടനം നടത്താവുന്ന ബോംബാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്. സർക്യൂട്ടും ബാറ്ററിയും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. തീവ്രവാദ സംഘടനകളും അക്രമി സംഘങ്ങളുമാണ് പൊതുവെ ഐ.ഇ.ഡി ഉപയോഗിക്കുന്നത്. അമോണിയം നൈട്രേറ്റ് പോലെ എളുപ്പം ലഭ്യമാകുന്ന രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. തീവ്രതകൂടിയ സ്‌ഫോടനവും ഇത്തരം ബോംബുകൾ ഉപയോഗിച്ച് നടത്താനാകും.