കളമശ്ശേരി സ്‌ഫോടനം; പ്രതിപക്ഷം സർക്കാരിനൊപ്പം, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് വി ഡി സതീശൻ

Monday 30 October 2023 12:58 PM IST

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. പ്രതിപക്ഷം സർക്കാരിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിരീക്ഷണം ശക്തമാക്കണമെന്നും ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്ന അഭിപ്രായമില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. നടന്നതെന്താണെന്നറിയുന്നതിന് മുമ്പ് തന്നെ ഒരു നേതാവ് ഈ സംഭവത്തെ പാലസ്തീനുമായി ബന്ധപ്പെടുത്തിയതിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

സ്‌ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ മാത്രമാകില്ലെന്നും കേസന്വേഷണം എൻ ഐ എയ്ക്ക് വിടണമെന്നും ബി ജെ പി ജനറൽ സെക്രട്ടറി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ഭീകരബന്ധമുണ്ടെന്ന് ആദ്യം ആരോപിച്ചത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ കളമശ്ശേരിയെത്തി. അദ്ദേഹം പരിക്കേറ്റവരെ സന്ദർശിക്കും. മുഖ്യമന്ത്രിക്കൊപ്പം എം വി ഗോവിന്ദനും മന്ത്രിമാരുമുണ്ട്.