പനീർ വിഭവങ്ങൾ കാണുമ്പോൾ വായിൽ വെളളമൂറാറുണ്ടോ? എന്നാൽ ഇതൊന്ന് കണ്ടുനോക്കൂ

Monday 30 October 2023 3:11 PM IST

രുചികരമായ പനീർ വിഭവങ്ങൾ നമുക്കെന്നും പ്രിയപ്പെട്ടവയാണ്. വിവിധ രൂപങ്ങളിൽ പനീർ കലർന്ന വിഭവങ്ങൾ നമ്മുടെ തീൻമേശകളിൽ എത്താറുണ്ട്. ആദ്യകാലങ്ങളിൽ ആളുകൾ ആവശ്യമായ പനീർ വീടുകളിൽ തന്നെ ഉണ്ടാക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഒട്ടുമിക്കവരും പനീർ മാർക്ക​റ്റുകളിൽ നിന്നും ചെറിയ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നുമാണ് വാങ്ങുന്നത്.

നമ്മുടെ പ്രിയപ്പെട്ട പനീർ ചെറുകിട നിർമ്മാണ ശാലകളിൽ ഉണ്ടാക്കിയെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ അറപ്പ് തോന്നുന്ന തരത്തിലുളള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അസ്ഹർ ജാഫ്റി എന്ന എക്സ് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ബ്രാൻഡഡ് അല്ലാത്ത ഭക്ഷണം വാങ്ങരുത് എന്ന നിർദ്ദേശവും ചിത്രത്തോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ചെറുകിട പനീർ നിർമ്മാണ കേന്ദ്രത്തിലെ ഒരു മനുഷ്യന്റേതാണ് പ്രചരിക്കുന്ന ചിത്രം. സംഭവം നടന്നത് എവിടെയാണെന്ന് കൃത്യമായി പറയുന്നില്ലെങ്കിലും ചിത്രത്തിൽ ഉത്തർപ്രദേശിലെ കാൺപൂർ എന്ന് കാണാൻ സാധിക്കും.

ലുങ്കി ധരിച്ച ഒരു മനുഷ്യൻ പനീറിന്റെ മുകളിലായി ഇരിക്കുന്നുണ്ട്. പനീറിൽ നിന്നും വെളളം നീക്കം ചെയ്യുന്നതിനാണ് ഇയാൾ ഇത്തരത്തിലുളള പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. പനീരിൽ നിന്നും വെളളം ശേഖരിക്കാനായി സമീപത്തായി മ​റ്റൊരു പാത്രം വച്ചിരിക്കുന്നതും കാണാം . പോസ്റ്റിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തരത്തിൽ വൃത്തിഹീനമായി ഭക്ഷണ പദാർത്ഥങ്ങൾ നിർമ്മിക്കുന്ന ചിത്രങ്ങൾ പ്രചരിക്കുന്നത് ആദ്യ സംഭവമല്ല. 2019ൽ മഹാരാഷ്ട്രയിലെ കൊങ്കൺ ഡിവിഷനിലെ വസായിലുളള രണ്ട് പാലുൽപ്പാദന കേന്ദ്രങ്ങളിലും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിച്ച 2000 കിലോ പനീർ അധികൃതർ പിടിച്ചെടുത്തിരുന്നു. പനീർ നിർമ്മാണ സമയത്ത് സൾഫ്യൂരിക് ആസിഡ് ഉപയോഗിച്ചതായും പിന്നീട് കണ്ടെത്തിയിരുന്നു.