എട്ടാം തവണയും ബാൾ ഓൺ ഡി ഓർ പുരസ്‌കാരം നേടി മെസ്സി, ചരിത്ര നേട്ടം
പാരീസ് : കരിയറിലെ എട്ടാം ബാൾ ഓൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി അർജന്റീനാ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി. ഇന്നലെ പാരീസിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനമാണ് മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്.ഏഴുഗോളുകളുമായി ലോകകപ്പിലെ മികച്ച കളിക്കാരനായ മെസി അമേരിക്കൻ മേജർ സോക്കർ ലീഗിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് ട്രിപ്പിൾ കിരീടനേട്ടം സമ്മാനിച്ചതിൽ നിർണായക പങ്കുവഹിച്ച എർലിംഗ് ഹാലാൻഡ് , മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ കെവിൻ ന്നാഡി ബ്രുയാൻ എന്നിവരുടെ വെല്ലുവിളി മറികടന്നാണ് മെസി പുരസ്കാരം സ്വന്തമാക്കിയത്.
കഴിഞ്ഞ 15 വർഷത്തിനിടെ 13 ബാൾ ഓൺ ഡി ഓർ പുരസ്കാരങ്ങൾ പങ്കിട്ടത് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചേർന്നാണ്. എട്ടു തവണ മെസിയും അഞ്ചുതവണ ക്രിസ്റ്റ്യാനോയും പുരസ്കാരമേറ്റുവാങ്ങി. 2018ൽ ലൂക്കാ മൊഡ്രിച്ചും കഴിഞ്ഞ വർഷം കരിം ബെൻസേമയുമാണ് ഈ പതിവ് തെറ്റിച്ചത്.