ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഖബറടക്കത്തിന് തൊട്ടുമുൻപ് തിരിച്ചുവാങ്ങി പൊലീസ്; സംഭവം കോഴിക്കോട്

Tuesday 31 October 2023 1:11 PM IST

കോഴിക്കോട്: ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം പൊലീസ് തിരിച്ചുവാങ്ങി. കോഴിക്കോട് വടകരയിലാണ് സംഭവം. വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച 71കാരന്റെ മൃതദേഹമാണ് പൊലീസ് പോസ്റ്റുമോർട്ടത്തിനായി തിരിച്ചുവാങ്ങിയത്.

മൃതദേഹം പൊലീസ് വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് നാദാപുരം റോഡ് സ്വദേശി ഹംസ ഹാജി വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണത്. പരാതി നൽകാനാണ് ഹാജി സ്റ്റേഷനിൽ എത്തിയത്.

കുഴഞ്ഞുവീണതിന് പിന്നാലെ പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. പരാതിയില്ലെന്ന് എഴുതി വാങ്ങി രാത്രിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഖബറടക്കത്തിനുള്ള ഒരുക്കങ്ങൾ നടക്കവേയാണ് പോസ്റ്റുമോർട്ടത്തിനായി പൊലീസ് മൃതദേഹം തിരിച്ചുവാങ്ങിയത്. പരാതി ഉയരാതിരിക്കാനാണ് മൃതദേഹം തിരിച്ചുവാങ്ങിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.