ആൻസിക്ക് സ്വർണം , നയനയ്ക്ക് വെള്ളി
കനത്ത മഴയിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ വൈകിയെങ്കിലും ദേശീയ ഗെയിംസിന്റെ ആറാംനാൾ ബംബോലിൻ സ്‌റ്റേഡിയത്തിലെ ജമ്പിംഗ് പിറ്റിനെ തീപിടിപ്പിച്ച് വനിതാ ലോംഗ് ജമ്പിൽ മലയാളി താരങ്ങളായ ആൻസി സോജൻ സ്വർണവും നയന ജയിംസ് വെള്ളിയും നേടി. 6.53 മീറ്റർ ചാടിയാണ് ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവായ ആൻസി ദേശീയ ഗെയിംസിലെ ആദ്യ സ്വർണം സ്വന്തമാക്കിയത്. ഒരു സെന്റീ മീറ്റർ മാത്രം വ്യത്യാസത്തിലാണ് നിലവിലെ ചാമ്പ്യൻ നയന ജയിംസിന് (6.52 മീറ്റർ) വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
4-100 മീറ്റർ വനിതാ റിലേയിൽ നേഹ,അഞ്ജലി പി.ഡി, രമ്യ രാജൻ, ഷിൽബി എന്നിവരടങ്ങിയ കേരള ടീമിന് വെള്ളി ലഭിച്ചു. വനിതകളുടെ തയ്ക്വാണ്ടോയിൽ ലയാ ഫാത്തിമയും വെള്ളി നേടി. നീന്തലിൽ 400 മീറ്റർ വ്യക്തിഗത മെഡ്‌ലേയിൽ സജൻ പ്രകാശും തായ്ക്വാണ്ടോയിൽ എൻ. പർസിദയും പുരുഷ ഡെക്കാത്ത്‌ലണിൽ എൻ. തൗഫീഖും 4-100 മീറ്റർ പുരുഷ റിലേ ടീമും വെങ്കലം നേടി.