കളമശ്ശേരി സ്ഫോടനം: ഡൊമിനിക്കിന്റെ ഫ്ളാറ്റിൽ സുപ്രധാന തെളിവുകൾ
കൊച്ചി:കളമശ്ശേരി സ്ഫോടനക്കേസിൽ നെടുമ്പാശേരി അത്താണിയിലെ ഫ്ളാറ്റിൽ നിന്ന് ലഭിച്ചത് സുപ്രധാനവും നിർണായകവുമായ തെളിവുകൾ
പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ഐ.ഇ.ഡി ബോംബുകൾ നിർമ്മിക്കാൻ ഉപയോഗിച്ച സാമഗ്രികളുടെ അവശിഷ്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നു.
ഇലക്ട്രിക് വയറിന്റെ കഷണങ്ങൾ, ബാറ്ററി, പെട്രോൾ വാങ്ങാൻ ഉപയോഗിച്ച കുപ്പികൾ എന്നിവ ലഭിച്ചു. ദേശീയപാതയോടു ചേർന്നുള്ള ഫ്ലാറ്റിന്റെ ടെറസിൽ വച്ചാണ് ബോംബ് ഉണ്ടാക്കിയത്. അതിനാലാണ് ആദ്യ തെളിവെടുപ്പ് അവിടെയാക്കിയത്. ബോംബ് നിർമ്മാണ രീതി ഡൊമിനിക് വിവരിച്ചു.
ഭാര്യയുടെ പേരിലുള്ള അപ്പാർട്ട്മെന്റിൽ രണ്ടുനിലകളിലായി നാലു മുറികളുണ്ട്. കളമശ്ശേരിയിലെ കമ്പനിയിലെ തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തെങ്കിലും
മുകൾ നിലയിൽ ഗോവണിയോട് ചേർന്നുള്ള മുറി ഡൊമിനിക്കിന്റെ ഉപയോഗത്തിലായിരുന്നു. അരമണിക്കൂറോളം ചെലവഴിച്ചാണ് ബോംബ് നിർമ്മിച്ചതെന്ന് മൊഴി നൽകി. ബോംബുകൾ രണ്ടു സഞ്ചികളിലാക്കി കളമശ്ശേരിയിലേയ്ക്ക് കൊണ്ടുപോയി. സ്‌ഫോടനം നടത്തിയശേഷം ഇവിടെ തിരിച്ചെത്തി അഞ്ച് മിനിറ്റോളം തങ്ങിയശേഷമാണ് കൊടകരയ്ക്ക് പോയത്.
കളമശ്ശേരി എ.ആർ ക്യാമ്പിൽ നിന്ന് ഡൊമിനിക്കിനെ ഇന്നലെ രാവിലെ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. കൊച്ചി ഡി.സി.പി എസ്. ശശിധരന്റെ നേതൃത്വത്തിൽ അന്വേഷണസംഘം യോഗം ചേർന്നു. 9.30ന് പ്രതിയുമായി അത്താണിയിലെ ഫ്ലാറ്റിലെത്തി. വൈകിട്ട 4.30ഓടെ തെളിവെടുപ്പ് പൂർത്തിയാക്കി. ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി. വൈകിട്ട് ഏഴിന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഡി.സി.പി എസ്. ശശിധരൻ, എ.സി.പി പി. രാജ് കുമാർ, ഡിവൈ.എസ്.പിമാരായ കെ.എ. അബ്ദുൾ സലീം, എ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.