ലഹരിക്കെതിരെ സംഗീത ലഹരിയുമായി എക്സൈസ് വകുപ്പ്

Friday 03 November 2023 12:21 AM IST
കേരളകൗമുദി തിരൂർക്കാട് ഹമദ് ഐ.ടി.ഐ കാമ്പസിൽ സംഘടിപ്പിച്ച ലഹരിവിമുക്ത മലപ്പുറം കാമ്പെയിൻ പരിപാടിയുടെ ഭാഗമായി നടന്ന 'സംഗീത ലഹരി' ഗാനമേളയിൽ എക്സൈസ് ഉദ്യോഗസ്ഥർ ഗാനം ആലപിക്കുന്നു

മലപ്പുറം: പാട്ടുപാടി ലഹരിയെ കീഴ്‌പ്പെടുത്താൻ കഴിയുമോ. ജില്ലയിലെ എക്സൈസ് വകുപ്പിനോടാണ് ഈ ചോദ്യമെങ്കിൽ പറയും, സംശയം വേണ്ട പറ്റും. 'ലഹരിക്കെതിരെ സംഗീത ലഹരി' എന്ന ആശയത്തിൽ ഗാനമേള ട്രൂപ്പ് രൂപീകരിച്ച് കലാലയങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണം സജീവമാക്കുകയാണ് എക്സൈസ് വകുപ്പ്. പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ബിജുവിന്റെ നേതൃത്വത്തിൽ ഏഴ് എക്സൈസ് ഓഫീസർമാർ അടങ്ങിയ ട്രൂപ്പാണ് ഇതിനായി രൂപീകരിച്ചിട്ടുള്ളത്. ഇതിനകം രണ്ട് കോളേജുകളിൽ പരിപാടികൾ അവതരിപ്പിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്.

മഞ്ചേരി സർക്കിൾ ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ സി.ടി.അക്ഷയ്, മലപ്പുറം എക്‌സൈസ് ഡിവിഷണൽ ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പി.രോഹിണി കൃഷ്ണൻ, കുറ്റിപ്പുറം എക്‌സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.ശ്രീജ, തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ ഓഫീസിലെ സി.എം.അഭിലാഷ്, പെരിന്തൽമണ്ണ സർക്കിൾ ഓഫീസിലെ മനോജ് തുടങ്ങിയവരാണ് നിലവിൽ ട്രൂപ്പിലുള്ളത്. ഓരോ ഓഫീസർമാരുടെയും ജോലിയനുസരിച്ച് ട്രൂപ്പംഗങ്ങളിൽ മാറ്റംവരും.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ കലോത്സവങ്ങളിൽ പാട്ടിനങ്ങളിൽ സ്ഥിരമായി മലപ്പുറത്ത് നിന്നുള്ളവർക്കാണ് ഒന്നാംസ്ഥാനം. യുവതലമുറയടക്കം എല്ലാവരും പാട്ടുകൾ ആസ്വദിക്കുന്നവരും. ‌ഓഫീസർമാരിൽ മികച്ച ഗായകരുമുണ്ട്. എങ്കിൽ ലഹരിക്കെതിരെയുള്ള പരിപാടികളിൽ പാട്ട് കൂടി ഉൾപ്പെടുത്തിയാലോ എന്ന ചിന്തയിൽ ഏതാനും ദിവസം മുമ്പാണ് ഗാനമേള ട്രൂപ്പൊരുക്കിയത്. ജോലി സമയം കഴിഞ്ഞാണ് പരിശീലനം. ആദ്യ പരിപാടി വേങ്ങരയിലെ കോളേജിലായിരുന്നു. ഇന്നലെ കേരളകൗമുദിയുടെ നേതൃത്വത്തിൽ തിരൂർക്കാട് ഹമദ് ഐ.ടി.ഐയിലായിരുന്നു രണ്ടാമത്തെ പരിപാടി സംഘടിപ്പിച്ചത്. വിദ്യാ‌ർത്ഥികൾക്കിടയിൽ നിന്ന് കിട്ടിയ സ്വീകാര്യത എക്സൈസ് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

രണ്ട് മണിക്കൂറിലധികം നീളുന്ന പരിപാടിയിൽ ഓരോ പാട്ടുകൾക്കിടയിലും എക്സൈസ് ഉദ്യോഗസ്ഥ‌ർ ലഹരിക്കെതിരായ സന്ദേശമേകും. രക്ഷിതാക്കളോടുള്ള ബന്ധം, പഠനം, സൗഹൃദങ്ങൾ, പ്രണയം എന്നിവയിലൊക്കെ ലഹരിവസ്തുക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ചും ചെറുവിവരണങ്ങളേകും. ഓരോ സന്ദർഭത്തിനും അനുസരിച്ചുള്ള പാട്ടുകളാണ് പാടുക. പാട്ടും ബോധവത്കരണവും ഇടകലർത്തിയുള്ള അവതരണം പരിപാടിയുടെ ആദ്യാവസാനം വരെ കുട്ടികളെ പിടിച്ചിരുത്തുന്നുണ്ട്. യഥാർത്ഥ ലഹരി ജീവിതവും കലയും കായിക വിനോദങ്ങളുമാണെന്ന തിരിച്ചറിവിന് പരിപാടി സഹായിച്ചെന്ന് വിദ്യാർ‌ത്ഥികളും സാക്ഷ്യപ്പെടുത്തുന്നു.