മിൽമ ഉത്പന്നങ്ങൾ ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലേക്ക്

Saturday 04 November 2023 12:04 AM IST

തിരുവനന്തപുരം: മിൽമ ഉത്പന്നങ്ങൾ ഗൾഫിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി വിൽക്കാൻ കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനും(കെ.സി.എം.എം.എഫ്-മിൽമ) ലുലു ഗ്രൂപ്പ് ഇന്റർനാഷണലുമായി ധാരണാപത്രം ഒപ്പിട്ടു.മന്ത്രി പി രാജീവ്, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ് അലി, മിൽമ ചെയർമാൻ കെ.എസ്.മണി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കെ.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടർ ആസിഫ്.കെ.യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം.എം.എയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.തുടക്കത്തിൽ മിൽമയുടെ നെയ്യ്, പ്രീമിയം ഡാർക്ക് ചോക്ലേറ്റ്, ഗോൾഡൻ മിൽക്ക് മിക്‌സ് പൗഡർ(ഹെൽത്ത് ഡ്രിങ്ക്), ഇൻസ്റ്റന്റ് പനീർ ബട്ടർ മസാല, പാലട പായസം മിക്‌സ് എന്നിവയാണ് ലഭിക്കുക. പാലും തൈരും മാത്രമായാൽ വാണിജ്യപരമായി മുന്നോട്ടു പോകാനാകില്ലെന്ന തിരിച്ചറിവിൽ നിന്നാണ് മിൽമ മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് ശ്രദ്ധതിരിച്ചതെന്ന് കെ.എസ്.മണി പറഞ്ഞു.ഉപഭോക്താക്കളുടെ തൃപ്തിയും കർഷകരുടെ ഉന്നമനവും ഒരു പോലെ ലക്ഷ്യം വയ്ക്കുന്ന സ്ഥാപനമാണ് മിൽമ.ആഗോളബ്രാൻഡായി മിൽമ മാറുന്നതിന് ലുലു ഗ്രൂപ്പുമായുള്ള സഹകരണം വഴിവയ്ക്കും. ഇതിന്റെ ഗുണം ആത്യന്തികമായി കർഷകർക്കാണ് ലഭിക്കുന്നതെന്നും കെ. എസ്. മണി ചൂണ്ടിക്കാട്ടി. ലുലുഗ്രൂപ്പുമായുള്ള സഹകരണത്തിലൂടെ രണ്ട് വർഷം കൊണ്ട് ആയിരം കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് ആസിഫ്.കെ.യൂസഫ് പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം വളരെ മികച്ചതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.