കൊച്ചിയിൽ നാവികസേനാ ഹെലികോപ്‌ടർ തകർന്നുവീണു; ഒരു മരണം, രണ്ട് നാവികർ പരിക്കുകളോടെ ആശുപത്രിയിൽ
കൊച്ചി: നാവികസേനാ ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കൊച്ചിയിൽ പരിശീലന പറക്കലിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നേവൽ എയർ സ്റ്റേഷനായ ഐ എൻ എസ് ഗരുഡയിലെ റൺവേയിലാണ് അപകടമുണ്ടായത്.
നാവികസേനയുടെ ഏറ്റവും പഴക്കമുള്ള ചേതക് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ ഉണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥരെ പരിക്കുകളോടെ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കൊച്ചി ഹാർബർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ഇതിനെക്കുറിച്ച് നാവികസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അൽപ്പസമയത്തിനകം പ്രതികരണമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.