വേമ്പനാട്ട് കായൽ ചുരുങ്ങി ; 90 ലക്ഷം ജനങ്ങൾക്ക് ഭീഷണി

Monday 06 November 2023 12:00 AM IST

തൃശൂർ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ തണ്ണീർത്തടമായ വേമ്പനാട്ട് കായൽ ചുരുങ്ങുന്നത് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 90 ലക്ഷം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ഫിഷറീസ് സർവകലാശാലാ (കുഫോസ്) പഠനം.

33 വർഷം മുമ്പ് ഉണ്ടായിരുന്നതിൽ നിന്ന് ജലസംഭരണ ശേഷി 85.3 ശതമാനം കുറഞ്ഞു. വിസ്തൃതി 43.5 ശതമാനവും. മദ്ധ്യകായലിൽ 37.74 ശതമാനം ഭാഗത്ത് ആഴം വെറും രണ്ട് മീറ്ററിൽ താഴെയാണ്. എക്കൽ അടിയുന്നതാണ് കാരണം. ജലസംഭരണ ശേഷി കുറഞ്ഞതോടെ വെള്ളക്കെട്ടും മിന്നൽപ്രളയവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. കക്കൂസ് മാലിന്യമുൾപ്പെടെ തള്ളുന്നതിനാൽ രോഗങ്ങളും ബാധിക്കുന്നു. മത്സ്യസമ്പത്ത് കുറഞ്ഞതിനാൽ അതിനെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലായി. കളസസ്യങ്ങൾ മൂലം ഹൗസ് ബോട്ട് ഓടിക്കാനും പ്രയാസം. ജൈവവൈവിദ്ധ്യവും ഭീഷണിയിലാണ്.

19.59 ശതമാനവും സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാടിനെയാണ് ഗുരുതരമായി ബാധിച്ചത്. ലോകത്തെ അഴിമുഖങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണം ഏറ്റവും കൂടുതലാണിവിടെ. മുകളിലെ ഒരു മീറ്റർ അവശിഷ്ടപാളിയിൽ 3,005 ടൺ മാക്രോപ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ട്.

സർവകലാശാലയിലെ സെന്റർ ഫോർ അക്വാട്ടിക് റിസർച്ച് മാനേജ്‌മെന്റ് ആൻഡ് കൺസർവേഷനിലെ പ്രൊഫസർ ഡോ.വി.എൻ.സഞ്ജീവന്റെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് പഠനം നടത്തിയത്.

കാരണം

വന്നടിയുന്ന എക്കൽ

കൈയേറ്റങ്ങൾ തെറ്റായ നിർമ്മാണങ്ങൾ കാലം തെറ്റിയ കനത്ത മഴ

കള, കീടനാശിനി

പ്‌ളാസ്റ്റിക് മാലിന്യം

പരിഹാരം

എക്കൽ നീക്കം ചെയ്യണം

ആഴം വർദ്ധിപ്പിച്ച് സംഭരണശേഷി കൂട്ടുക വീതിയുള്ള സ്‌ളൂയിസ് ഗേറ്റ് സ്ഥാപിക്കുക കുട്ടനാട് കായലിന്റെ ശേഷി കൂട്ടുക കനാലുകളും തോടുകളും വൃത്തിയാക്കുക

ജലസംഭരണ ശേഷി

(ദശലക്ഷം ക്യൂബിക് മീറ്ററിൽ)

1990ൽ 2,617.5 2020ൽ 387.87

.......................................

വിസ്തൃതി

(ച.കി.മി)

1990ൽ 365 2020ൽ 206.30

....................................................

1930ലെ ആഴം

(മീറ്റർ)

തെക്കൻ കായൽ 8 നിലവിൽ 1.8 മദ്ധ്യകായൽ 8.5 നിലവിൽ 2.87

മത്സ്യസമ്പത്ത്

1980കളിൽ...............150 ഇനം നിലവിൽ................... 90

കായലിന്റെ സ്വാഭാവിക പുനരുജ്ജീവന സാദ്ധ്യത കുറവായതിനാൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഡോ.വി.എൻ.സഞ്ജീവൻ