പകർച്ചപ്പനിക്ക് ശമനമില്ല, ആശങ്കയായി സിക്കയും, കണ്ണൂരിൽ എട്ടു പേർക്ക് സിക്ക, നാല് ദിവസത്തിനിടെ 34148 പനിബാധിതർ
തിരുവനന്തപുരം : ഡെങ്കിയും എലിപ്പനിയും ഉൾപ്പെയുള്ള പകർച്ചപ്പനികളും മരണങ്ങളും വർദ്ധിക്കുന്നതിനിടെ പുതിയ ആശങ്കയായി സിക്ക. കണ്ണൂർ തലേശ്ശേരിയിൽ കോടതി ജീവനക്കാർ ഉൾപ്പടെ എട്ടു പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. മഴയും വെള്ളക്കെട്ടും കാരണം കൊതുക് പെരുകിയതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈഡിസ് കൊതുകുകളാണ് സിക്കയ്ക്ക് കാരണം.
സാധാരണ ഗതിയിൽ സിക്ക മരണകാരണമാകില്ലെങ്കിലും ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകും. ഗർഭിണികളെ ബാധിച്ചാൽ ശിശുവിന് മൈക്രോ കെഫാലി പോലുള്ള വൈകല്യങ്ങൾക്ക് സാധ്യതയുണ്ട്. ഗർഭിണികളെ പ്രത്യേകം നിരീക്ഷിക്കും. കണ്ണൂരിൽ എല്ലാ ആശുപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി.
അതേസമയം ഡെങ്കി,എലിപ്പനി കേസുകളും ദിനംപ്രതി വർദ്ധിക്കുകയാണ്. നാല് ദിവസത്തിനിടെ 34148 പേരാണ് ചികിത്സ തേടിയത്. 224 പേർക്ക് ഡെങ്കിയും 40 എലിപ്പനി കേസുകളും സ്ഥിരീകരിച്ചു. 11 പേർക്ക് ചെള്ള്പനിയും ബാധിച്ചു.
പകർച്ചപനി ബാധിച്ച് ഈവർഷം മരണം 191 ആയി. എലിപ്പനിയിൽ 74 പേർക്കും എച്ച് വൺ എൻ വൺ ബാധിച്ച് 52 പേർക്കും ജീവൻനഷ്ടമായി. ഡെങ്കിപ്പനി ബാധിച്ച് 45 പേരാണ് 10മാസത്തിനിടെ മരിച്ചത്.