സെലിബ്രിറ്റികളുടെ സ്വന്തം ബാർബറാം സുരേഷ്

Monday 06 November 2023 12:44 AM IST

കോട്ടയം:കണ്ണുകെട്ടി മുടിവെട്ടുന്നതിൽ വെൺമണി സുരേഷ് വല്ലഭനാണ്. വി.ഐ.പികൾ, പക്ഷേ, ആ കലാപരിപാടി അനുവദിക്കില്ല. എങ്കിലും രാഷ്‌ട്രീയ നേതാക്കളുടെയും സിനിമാക്കാരുടെയും ഇഷ്ടപ്പെട്ട ഹെയർ ഡ്രസറാണ് സുരേഷ്. ഉമ്മൻചാണ്ടി മുതൽ യേശുദാസ് വരെയുള്ള നിരവധി സെലിബ്രിറ്റികൾ സുരേഷിന്റെ കത്രികയുടെ കലാവിരുതിന് തല കുമ്പിട്ട് ഇരുന്നിട്ടുണ്ട്.

കെ.എം.മാണി, പി.ജെ.ജോസഫ്, കാനം രാജേന്ദ്രൻ, ക്രിസോസ്റ്റം തിരുമേനി,​ മധു, ജയസൂര്യ, ഗണേശ് കുമാർ, ഗിന്നസ് പക്രു, വിജയരാഘവൻ, സിദ്ദിഖ്,​ സുരാജ് വെഞ്ഞാറമൂട്, രചനാ നാരായണൻകുട്ടി...ഡബിൾസെഞ്ച്വറിയും കടന്ന് നീളുകയാണ് സെലിബ്രിറ്റികളുടെ ലിസ്റ്റ്. വി.വി.ഐ.പികളുടെ മുടിവെട്ടുന്ന ഫോട്ടോ ഗാലറി കോട്ടയം തിരുനക്കരയിലെ ബാർബർ ഷോപ്പിലുണ്ട്. 30 വർഷത്തിലേറെയായി ഇവിടെ ബാർബർ ഷോപ്പ് നടത്തുകയാണ് ഈ 54കാരൻ.

തിരക്കുപിടിച്ച ഉമ്മൻചാണ്ടിയെ പോലുള്ളവർക്ക് അവർ തങ്ങുന്നിടത്തു ചെന്നാണ് മുടി വെട്ടിയിരുന്നത്. ക്രിസോസ്റ്റം തിരുമേനിക്കും അങ്ങനെതന്നെ.

വി.ഐ.പികൾ സമയം ബുക്ക് ചെയ്യും. ഭാര്യ ബീനയാണ് വനിതാ വിഭാഗം നോക്കുന്നത്.

ഉമ്മൻചാണ്ടിക്ക് ധൃതി,​

യേശുദാസിന് ക്ഷമ

ഉമ്മൻചാണ്ടിയെ അഞ്ചു മിനിറ്റിൽ കൂടുതൽ പിടിച്ചിരുത്താനാവില്ല. യേശുദാസ് ഏറെനേരം ക്ഷമയോടെ ഇരിക്കും. 13 വർഷം ചെന്നൈയിലെത്തി യേശുദാസിന്റെ മുടിവെട്ടി.​ അദ്ദേഹത്തിന്റെ മുടി നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. യേശുദാസ് 75-ാം പിറന്നാളിന് 75 പുസ്തകങ്ങൾ സുരേഷിന് സമ്മാനിച്ചിരുന്നു.

സകലകലാവല്ലഭൻ

എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച്,​ പിതാവിനൊപ്പം ബാർബർ ഷോപ്പിലെത്തിയ സുരേഷ് പിന്നീട് നാടകട്രൂപ്പ് തുടങ്ങി. ആറു നാടകങ്ങൾ രചിച്ചു. 'സുകൃതക്ഷയം' എന്ന നാടകത്തിലൂടെ നടനുമായി. മിമിക്രിയും ചെയ്യും. മുടിവെട്ടി സാദിച്ച പണം കൊണ്ട് ജന്മനാടായ ഇടുക്കി കഞ്ഞിക്കുഴിയിൽ വാങ്ങിയ സ്ഥലം കൃഷിഭൂമിയാക്കി. ഔഷധസസ്യങ്ങളും വളർത്തി. സ്‌മൃതിവനമെന്ന് പേരിട്ടു. ഇവിടെ വച്ചായിരുന്നു ഏക മകൾ അക്ഷരയുടെ വിവാഹം. നാട്ടുകാർക്കായി കൈരളി പഠനസഹായ കേന്ദ്രവും തുടങ്ങി.

കൺകെട്ട് വെട്ട്

കണ്ണുകെട്ടി ആരുടെ തലയും എങ്ങനെയുള്ള മുടിയും കിറുകൃത്യമായി സുരേഷ് വെട്ടിത്തരും. തലയുടെ ഡമ്മി ഉണ്ടാക്കി കൃത്യമായ കണക്കുകൾ മനഃപാഠമാക്കി ഇരുപതു വർഷം മുമ്പ് തുടങ്ങിയതാണ് ഈ അഭ്യാസം. ആദ്യം ആരും പേടിച്ചു സമ്മതിച്ചിരുന്നില്ല. കോട്ടയത്തെ ഓട്ടോ തൊഴിലാളികളാണ് ആദ്യം തല നീട്ടിക്കൊടുക്കാൻ തയ്യാറായത്.