ക്ളാസ് നടക്കുന്നതിനിടെ മുറിയിലേയ്ക്ക് ഓടിക്കയറിയ നായ ആറാം ക്ളാസുകാരിയെ കടിച്ചു; പേവിഷബാധയുള്ള നായയെന്ന് സംശയം

Monday 06 November 2023 5:42 PM IST

പാലക്കാട്: ക്ളാസ് മുറിയിൽ തെരുവ് നായയുടെ ആക്രമണം. മണ്ണാർക്കാട് കോട്ടോപാടത്ത് കല്ലടി അബ്‌ദുഹാജി ഹൈസ്‌കൂളിലാണ് സംഭവം. ആറാം ക്ളാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു. കോട്ടോപാടം സ്വദേശിനി മെഹ്‌റക്കാണ് കടിയേറ്റത്. ക്ളാസ് നടക്കുന്നതിനിടെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.

ഇന്ന് രാവിലെ പത്തരയോടെ ആദ്യ പിരീഡിൽ ക്ളാസ് നടക്കുന്നതിനിടെ മുറിയിലേയ്ക്ക് തെരുവ് നായ ഓടിക്കയറുകയായിരുന്നു. പിന്നാലെ മുൻസീറ്റിൽ ഇരിക്കുകയായിരുന്ന മെഹ്‌റയെ കടിച്ചു. കുട്ടിയുടെ ഇടുപ്പിനാണ് കടിയേറ്റത്. അദ്ധ്യാപികയുടെ ഇടപെടൽ കാരണം കൂടുതൽ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു.

പേവിഷബാധയുള്ള നായയാണ് വിദ്യാർത്ഥിനിയെ കടിച്ചതെന്നാണ് വിവരം. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്‌ചയായി സ്‌കൂൾ പരിസരത്ത് നായയുടെ ശല്യമുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പേപിടിച്ച നായ പ്രദേശത്ത് ഓടി നടക്കുന്നതായി വാർത്ത പരന്നതോടെ നാട്ടുകാരും പരിഭ്രാന്തിയിലായിരുന്നു. അതിനാൽ തന്നെ സാധാരണ നടന്നുപോകാറുള്ള മകളെ കാറിലാണ് ഇന്ന് സ്‌കൂളിൽ കൊണ്ടുവിട്ടതെന്നും പിതാവ് വെളിപ്പെടുത്തി.

മെഹ്‌റയെ കൂടാതെ പ്രദേശത്തെ മറ്റ് നാലുപേരെ കൂടെ ഇതേ നായ കടിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. സ്‌കൂളിലെ മറ്റൊരു കുട്ടിക്കും കഴിഞ്ഞ ദിവസം സ്‌കൂളിന് പുറത്തുവച്ച് നായയുടെ കടിയേറ്റിരുന്നു. സ്‌കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയിരിക്കുകയാണ്.