ഡിജിറ്റൽ റീസർവേ: മേൽനോട്ട ചുമതല ജില്ലാ കളക്ടർമാർക്ക്

Wednesday 08 November 2023 12:54 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടങ്ങിയ ഡിജിറ്റൽ റീസർവേ സമയബന്ധിതമായി തീർക്കാൻ ജില്ലാ കളക്ടർമാർക്ക് മേൽനോട്ട ചുമതല നൽകി. ഡിജിറ്റൽ റീസർവേ ആദ്യ ഘട്ടം 200 വില്ലേജുകളിലാണ് തുടങ്ങിയത്. രണ്ടാം ഘട്ടത്തിന് ഒക്ടോബർ 20 ന് തുടക്കമായി. നാല് വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ജോയിന്റ് ഡയറക്ടർ,അസിസ്റ്റന്റ് ഡയറക്ടർ, സർവേ സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്രന്റ്, ഹെഡ് സർവേയർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ എന്നിവരെ ഉൾപ്പെടുത്തി എല്ലാ മാസവും ജോലികളുടെ പുരോഗതി അവലോകനം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.

50 വീടുകൾക്ക് ഒരു പ്രതിനിധി

 തദ്ദേശ സ്ഥാപന പ്രതിനിധികൾ, തഹസീൽദാർ, വില്ലേജ് ഓഫീസർ എന്നിവരുമായി ചർച്ചകൾ നടത്തി 50 വീടുകൾക്ക് ഒരു പ്രതിനിധിയെന്ന കണക്കിൽ സന്നദ്ധ പ്രവർത്തകരുടെ സാന്നിദ്ധ്യം ഉറപ്പാക്കണം.

 രണ്ടാം ഘട്ട ജോലികൾ തുടങ്ങിയിട്ടുള്ള വില്ലേജുകളിൽ കൈവശാവകാശ രേഖകളിൽ വന്നിട്ടുള്ള എല്ലാ മാറ്റങ്ങളും റെലിസ് ഡാറ്റയിൽ ഒരു മാസത്തിനുള്ളിൽ അപ്ഡേറ്ര് ചെയ്ത് സാക്ഷ്യപ്പെടുത്താൻ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണം. ചാർജ് ഓഫീസർമാർ മിന്നൽ പരിശോധന നടത്തി കൃത്യത ഉറപ്പാക്കണം.

 തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ രണ്ടാം ഘട്ട വില്ലേജുകളിൽ ക്യാമ്പ് ഓഫീസുകൾ തുടങ്ങാൻ കെട്ടിടങ്ങൾ സൗജന്യമായി ലഭ്യമാക്കണം. കരാർ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കണം.

 ഫീൽഡ് സർവേ പൂർത്തിയായ വില്ലേജുകളിൽ വില്ലേജ് രേഖകൾ പ്രകാരമുള്ള സർക്കാർ ഭൂമി പൂർണ്ണമായും ഡിജിറ്റൽ റീസർവേയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തണം.

 മൊബൈൽ നെറ്റ് വർക്ക് സിഗ്നൽ ലഭിക്കാത്ത സ്ഥലങ്ങളിൽ സിഗ്നൽ ശക്തി മെച്ചപ്പെടുത്തണം.

 പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളിൽ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മീഷണറെയോ സബ് കളക്ടറെയോ നോഡൽ ഓഫീസറായി നിയോഗിക്കണം.