വയനാട്ടിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകൾ കസ്റ്റഡിയിൽ
വയനാട്: വയനാട്ടിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. തലപ്പുഴ പെരിയ മേഖലയിലാണ് വെടിവയ്പ്പ്. സംഭവത്തെ തുടർന്ന് കൂടുതൽ തണ്ടർബോൾട്ട് സംഘാംഗങ്ങൾ സ്ഥലത്തെത്തി. മേഖലയിൽ ശക്തമായ സുരക്ഷ വിന്യാസമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിൽ എടുത്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരിൽ ഉണ്ണിമായയ്ക്ക് വെടിയേറ്റിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
വയനാട്- കോഴിക്കോട് അതിർത്തിയിലുള്ള വനമേഖലയിൽ നിന്ന് മാവോയിസ്റ്റുമായി ബന്ധമുള്ളയാളെ തണ്ടർബോൾട്ട് സംഘം പിടികൂടിയിരുന്നു. ഇയാളെ രഹസ്യ കേന്ദ്രത്തിൽ വച്ച് തണ്ടർബോൾട്ട് സംഘം ചോദ്യം ചെയ്തിരുന്നു. വനത്തിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് വിവരം കൈമാറിയ ആളെയാണ് പിടികൂടിയത്. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.