ആർ. ശങ്കർ കരുത്തുറ്റ ഭരണാധികാരി: ചെന്നിത്തല

Wednesday 08 November 2023 2:31 AM IST

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും കരുത്തുറ്റ ഭരണാധികാരിയായിരുന്നു ആർ.ശങ്കർ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആർ.ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ 51ാംചരമവാർഷികവും പ്രതിമ സ്ഥാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ദളിത്, പിന്നാക്ക ന്യൂനപക്ഷങ്ങൾക്ക് സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഉന്നതിക്ക് വഴിതുറന്നത് ആർ.ശങ്കറാണ്. ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ ഉന്നതവിദ്യാഭ്യാസത്തിന്റെ പുരോഗതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണെന്ന് ചെന്നിത്തല പറഞ്ഞു.

നട്ടെല്ല് ഒന്ന് വളയ്ക്കാൻ തയ്യാറായിരുന്നുവെങ്കിൽ മുഖ്യമന്ത്രി പദത്തിൽ തുടരാൻ ആർ.ശങ്കറിന് സാധിക്കുമായിരുന്നുവെന്ന് വി.എം.സുധീരൻ പറഞ്ഞു. എന്നാൽ ആരുടെ മുമ്പിലും തല കുനിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷനായി.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ഭാരവാഹികളായ ജി.എസ്.ബാബു, ജി. സുബോധൻ,കമ്പറ നാരായണൻ, കൗൺസിലർ പ്രശാന്ത് നഗർ സുരേഷ്, ഫൗണ്ടേഷൻ ഭാരവാഹികളായ പുരുഷോത്തമൻ നായർ, സി.സുരേന്ദ്രൻ, ഡി.അനിൽകുമാർ, കുന്നുകുഴി മണി, കുന്നുകുഴി സുരേഷ്, അഡ്വ.അജിത്ത്, ടി.പി.പ്രസാദ്, കടകംപള്ളി ഹരിദാസ്, ചെമ്പഴന്തി അനിൽ, തൈക്കാട് ശ്രീകണ്ഠൻ, കൈമനം പ്രഭാകരൻ, കൊഞ്ചിറവിള വിനോദ്, ആർ.ഹരികുമാർ, പാറ്റൂർ സുനിൽ, പൂവച്ചൽ സുധീർ, ആറ്റുകാൽ ശ്രീകണ്ഠൻ, ശ്രീകുമാരി, ജി.ലീന, ഉഷാരാജ്, പട്ടം തുളസി തുടങ്ങിയവർ പങ്കെടുത്തു.

ആർ.ശങ്കർ പ്രതിമയിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ ആശാൻ കവിതകളുടെ കാവ്യാർച്ചനയും ഉണ്ടായിരുന്നു.