ലോറിയും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയവർ
Friday 10 November 2023 8:07 AM IST
തൃശൂർ: തളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളായ മോനിഷ്, മോളി, അഖിൽ, ആദർശ്, രാധാകൃഷ്ണൻ, ഹർഷ, അക്ഷിമ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
തളിക്കുളം ഹൈസ്‌കൂളിന് സമീപം പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. പൂനെയിൽ നിന്ന് ചരക്കുമായി വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാല് പേർ ഐ സി യുവിലാണെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.