ബോർഡ് വച്ച് സ്റ്റാൻഡിൽ കയറുമെന്ന് 'റോബിന്റെ' ഉടമ; എന്തുവന്നാലും അനുവദിക്കില്ലെന്ന് എംവിഡി

Friday 10 November 2023 1:15 PM IST

പത്തനംതിട്ട: മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് കോടതി ഉത്തരവിലൂടെ തിരിച്ചെടുത്ത് ഉടമയായ ഗിരീഷ്. ഓൾ ഇന്ത്യ പെർമിറ്റിന്റെ പിന്തുണയോടെ പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയതിനെ തുടർന്നാണ് മോട്ടോർവാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. അടുത്ത ആഴ്ചയിൽ തന്നെ ബസ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേയ്‌ക്ക് സർവീസ് ആരംഭിക്കുമെന്ന് ഗിരീഷ് പറഞ്ഞു. എന്നാൽ ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിൽ നിന്ന് ആളെയെടുത്ത് സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് നിലപാടിലാണ് എംവിഡി.

മുമ്പ് ഓടിയിരുന്നത് പോലെ ബോർഡ് വച്ച്, സ്റ്റാൻഡിൽ കയറി ആളുകളെ എടുത്ത് തന്നെ സർവീസ് നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് ഗിരീഷ്. ബസിന് ചില അറ്റകുറ്റ പണികള്‍ നടത്തേണ്ടതുണ്ടെന്നും അതിനുശേഷം വരുന്ന ആഴ്ചയില്‍ തന്നെ ബസ് സര്‍വീസിനിറക്കും. നിയമ വ്യവസ്ഥയില്‍ വിശ്വാസമുള്ളത് കൊണ്ട് യാതൊരു തരത്തിലും ഭയപ്പെടുന്നില്ലെന്നും റോബിന്‍ ബസിന്റെ ഉടമ വ്യക്തമാക്കി. നിയമലംഘനം തുടർന്നാൽ വീണ്ടും ബസ് പിടിച്ചെടുക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് രാവിലെ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റാന്നിയില്‍ വച്ചാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. പരിശോധനകള്‍ക്ക് ശേഷം നിയമ നടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയില്‍ എടുത്ത് റാന്നി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ദേശസാത്കൃത പാതയില്‍ സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ പരാതിയിലായിരുന്നു നടപടി.