സുപ്രീംകോടതി വിശുദ്ധ പശു, കേരളത്തിൽ ഭരണ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല : ഗവർണർ

Saturday 11 November 2023 12:00 AM IST

കൊച്ചി: ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെതിരായ സുപ്രീംകോടതി പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . സുപ്രീംകോടതി വിശുദ്ധ പശുവാണ്. കോടതി നിരീക്ഷണങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ കാര്യങ്ങളെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ചിട്ടില്ല. സുപ്രീം കോടതി നിർദ്ദേശം പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. ധനബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി മുൻകൂട്ടി വാങ്ങണമെന്നാണ് ചട്ടം. സർക്കാരിന് ഭരണഘടനയെ ചവറ്റുകൊട്ടയിലെറിയാൻ കഴിയില്ല. നിയമം ലംഘിക്കാൻ തനിക്ക് താത്പര്യമില്ല. സർക്കാരിന്റെ നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കണമെന്നാണോ പറയുന്നത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന്, ബില്ലുകൾ ഒപ്പിടാത്തതിന് കേസു കൊടുത്ത സർക്കാർ നടപടി ചൂണ്ടിക്കാട്ടി ഗവർണർ നേരത്തേ ഡൽഹിയിൽ പറഞ്ഞു. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്.. സംസ്ഥാനത്തെ ഇകഴ്‌ത്തുന്നുവെന്നത് സി.പി.എമ്മിന്റെ രാഷ്‌ട്രീയ ആരോപണം. ആരോപണങ്ങൾ തെളിയിക്കാൻ തെളിവുണ്ടോ?,.വെറുതെ പ്രസ്‌താവനയിറക്കുന്നതിൽ കാര്യമില്ല. ഭരണഘടന നൽകിയ അധികാരങ്ങൾ മറികടന്ന് പ്രവർത്തിക്കുമ്പോഴാണ് പ്രതിസന്ധിയുണ്ടാകുന്നത്. താൻ അതു മറികടന്നതിന്റെ ഒരുദാഹരണമെങ്കിലും കാണിക്കാമോ?.സംസ്ഥാന സർക്കാർ അതിരു വിട്ടതിന്റ നിരവധി ഉദാഹരണങ്ങളുണ്ട്. . തങ്ങളുടെ അധികാര പരിധിയിലല്ലാത്ത പൗരത്വ ബില്ലിനെതിരെ നിയമസഭയിൽ ബിൽ പാസാക്കി ഭരണഘടനാ ലംഘനം നടത്തി

സർക്കാർ ധൂർത്ത്

നിറുത്തണം

വലിയ ആഘോഷങ്ങൾക്കും സ്വിമ്മിംഗ് പൂൾ പണിയാനും കോടികൾ ചെലവാക്കുന്ന സർക്കാരിന് പെൻഷനും ശമ്പളവും നൽകാൻ പണമില്ലെന്നും, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനേയും ബാധിച്ചെന്നും ഗവർണർ പറഞ്ഞു. സർക്കാർ ധൂർത്ത് നിറുത്തണം. രണ്ടു വർഷം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായവർക്ക് പെൻഷൻ നൽകുന്നത് നിറുത്തണം. ജീവിതകാലം മുഴുവൻ ജോലി ചെയ്‌തവർക്കാണ് പെൻഷൻ ലഭിക്കേണ്ടത്. കലാമണ്ഡലം വൈസ് ചാൻലസർക്ക് ശമ്പളം നൽകാനായില്ല. സർക്കാരിന്റെ ഇടപെടലിൽ നിന്ന് സർവകലാശാലകളെ രക്ഷിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.