കോട്ടത്തറ ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ആരോഗ്യ മന്ത്രി
അഗളി: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നേരിട്ടെത്തി മന്ത്രി കാര്യങ്ങൾ വിലയിരുത്തി. 'ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികൾ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മന്ത്രിയുടെ ആശുപത്രി സന്ദർശനങ്ങളിൽ അട്ടപ്പാടി ഉൾപ്പെട്ടിരുന്നില്ല.
രാവിലെ 6.30യോടെയാണ് മന്ത്രി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയത്. കുട്ടികളുടെ ഐ.സിയുവിലായിരുന്നു ആദ്യ പരിശോധന. ഷോളയൂരിലെ സൗമ്യ-മുരുകേഷ് ദമ്പതികളുടെ കുഞ്ഞിനെ ആരോഗ്യമന്ത്രി കണ്ടു. കുഞ്ഞ് തൂക്കക്കുറവ് നേരിടുന്നതായി രക്ഷിതാക്കൾ ആരോഗ്യമന്ത്രിയെ അറിയിച്ചു.
ഗുരുതരമായ വൃക്ക രോഗത്തിലൂടെ കടന്നുപോകുന്ന അട്ടപ്പാടിയിലെ ആദിവാസി ഗായകനും നടനും സംവിധായകനും നർത്തകനും നാടക സിനിമ പ്രവർത്തകനും ഗവേഷകനുമായ കുപ്പുസ്വാമിയെയും (39) മന്ത്രി കണ്ടു. കൂടാതെ ആശുപത്രി നേരിടുന്ന വിവിധ പരിമിതികളെക്കുറിച്ച് ജീവനക്കാർ ആരോഗ്യ മന്ത്രിയെ ബോധ്യപ്പെടുത്തി.
മണ്ണാർക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, താലൂക്ക് ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവിടങ്ങളിലും മന്ത്രി സന്ദർശിച്ചു. അതേസമയം അട്ടപ്പാടിയിൽ ഈ വർഷം രണ്ട് നവജാത ശിശുക്കളും നാല് ഗർഭസ്ഥ ശിശുക്കളും മരിച്ചതായി ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. ജനിക്കുമ്പോൾ കുഞ്ഞിന് തൂക്കം കുറവായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.