'സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും ആഘോഷങ്ങൾക്ക് കുറവില്ല, കർഷകർ വലിയ പ്രതിസന്ധിയിലാണ്'; ഗവർണർ കുട്ടനാട്ടിലേയ്‌ക്ക്

Saturday 11 November 2023 11:31 AM IST

ആലപ്പുഴ: കുട്ടനാട്ടിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 'സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും ആഘോഷങ്ങൾക്ക് കുറവില്ല. കർഷകർ ഉൾപ്പെടെ വലിയ പ്രതിസന്ധിയിലാണ്.' - ഗവർണർ പറഞ്ഞു. അൽപസമയത്തിനകം ആരിഫ് മുഹമ്മദ് ഖാൻ തിരുവല്ലയിലെത്തി ആശുപത്രി സന്ദർശിക്കും.

നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ ജി പ്രസാദ് (55) ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. താൻ പരാജയപ്പെട്ടുപോയ കർഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നത്. സർക്കാരിന് നെല്ല് കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആർഎസ് കുടിശികയുടെ പേര് പറഞ്ഞ് വായ്‌പ നിഷേധിച്ചെന്നും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ് പറയുന്നുണ്ട്.

'ഏക്കറുകളോളം കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നമുക്ക് കാശ് തന്നില്ല. ഞാൻ തിരിച്ച് ലോൺ ചോദിച്ചു. പിആർഎസ് കുടിശികയുള്ളതുകൊണ്ട് ലോൺ തരില്ലെന്ന് പറഞ്ഞു. എന്ത് പറയാനാ, ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ. എന്റെ ജീവിതവും പരാജയപ്പെട്ടുപോയി. 20 കൊല്ലം മുമ്പ് മദ്യപാനം നിർത്തിയ ഞാൻ വീണ്ടും മദ്യപാനം തുടങ്ങി. സഹോദരാ നിങ്ങൾ എനിക്കുവേണ്ടി ഫൈറ്റ് ചെയ്യണം. ഇപ്പോൾ മൂന്നേക്കർ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാൻ പോലും കാശില്ല. അഞ്ച് ലക്ഷം രൂപയാണ് എന്റെ പേരിൽ സിബിൽ കാണിക്കുന്നത്. കാരണം, ഞാൻ നെല്ല് അങ്ങോട്ട് കൊടുത്തപ്പോൾ അവരെനിക്ക് അഞ്ച് ലക്ഷം രൂപ ലോണായിട്ടാ തന്നത്. ഞാനിപ്പോൾ സർക്കാരിന്റെ കടക്കാരനാ. സർക്കാർ ഈ തുക ബാങ്കുകാർക്ക് കൊടുത്താൽ മാത്രമേ എനിക്ക് വേറെ ലോൺ തരൂ. എനിക്കിനി ആരും പണം തരില്ല. ' - പ്രസാദ് ഫോൺ സംഭാഷണത്തിൽ പറഞ്ഞു.

ചേട്ടൻ വിഷമിക്കേണ്ട ഞങ്ങളെല്ലാം ഒപ്പമുണ്ടെന്ന് ഫോണിന്റെ മറുതലയ്ക്കലുള്ള ആൾ പറയുന്നുണ്ടെങ്കിലും 'നിങ്ങൾ എന്ത് ചെയ്യാനാ' എന്നാണ് പ്രസാദ് തിരിച്ച് ചോദിക്കുന്നത്. കർഷകൻ ആത്മഹത്യ ചെയ്തെന്ന് നാളെ അറിയുമെന്നും പ്രസാദ് പറഞ്ഞു.