ദേവസ്വം ബോർഡ് നോട്ടീസിൽ 'രാജ്ഞി, തമ്പുരാട്ടി' വിവാദം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാംസ്‌കാരിക വിഭാഗം തയ്യാറാക്കിയ നോട്ടീസിൽ കവടിയാർ രാജകുടുംബാംഗങ്ങളെ രാജ്ഞിമാരെന്നും തമ്പുരാട്ടിമാരെന്നും വിശേഷിപ്പിച്ചതിനെ ചൊല്ലി വിവാദം. ഇതേതുടർന്ന്, അച്ചടിച്ച നോട്ടീസുകൾ ദേവസ്വം ബോർഡ് പിൻവലിച്ചു.
ബോർഡ് ആസ്ഥാനത്തെ നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമർപ്പണവും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാർഷികവും പ്രമാണിച്ച് നാളെ നടക്കുന്ന പരിപാടിയുടെ നോട്ടീസാണ് വിവാദമായത്. നാടുവാഴിത്തത്തെ വാഴ്‌ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശന വിളംബര പോരാട്ടത്തെ തമസ്‌കരിക്കുന്നുവെന്നാണ് വിമർശനം.
''ചടങ്ങിൽ ഭദ്രദീപം കൊളുത്തുന്നത് ജനക്ഷേമകരങ്ങളായ അനേകം പ്രവർത്തനങ്ങൾ കൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യം കൊണ്ടും മഹാജനങ്ങളുടെ സ്‌നേഹബഹുമാനാദികൾക്ക് പാത്രീഭവിച്ച തിരുവിതാംകൂർ രാജ്ഞിമാരായ പൂയം തിരുനാൾ ഗൗരി പാർവതി ബായി തമ്പുരാട്ടിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി തമ്പുരാട്ടിയും'' എന്നാണ് നോട്ടീസിൽ പറയുന്നത്.
ബോർഡിന്റെ സാംസ്‌കാരിക - പുരാവസ്തു വകുപ്പ് വിഭാഗം മേധാവിയായ ബി.മധുസൂദനൻ നായരാണ് നോട്ടീസ് തയ്യാറാക്കിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപനെ ഉദ്ഘാടകനായി ചേർത്ത നോട്ടീസ് അദ്ദേഹത്തെ കാണിച്ചതുമില്ല.
മധുസൂദനൻ നായർ തന്നെ നോട്ടീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതോടെ, ബോർഡിലെ ഉദ്യോഗസ്ഥർക്കും മാദ്ധ്യമ പ്രവർത്തകർക്കും നൽകാനുള്ള നോട്ടീസാണെന്ന് മധുസൂദനൻ നായർ വിശദീകരിച്ചു. ഇത് തള്ളിയ പ്രസിഡന്റ്, നോട്ടീസുകൾ അടിയന്തരമായി പിൻവലിക്കാൻ ദേവസ്വം സെക്രട്ടറി ജി.ബൈജുവിനോട് നിർദ്ദേശിച്ചു. നൂറോളം നോട്ടീസ് മാത്രമാണ് അച്ചടിച്ചതെന്ന് സെക്രട്ടറി പറഞ്ഞു.
പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ നോട്ടീസിനെ ഫേസ്ബുക്കിൽ വിമർശിച്ചു. തിരുവിതാംകൂറിലെ ദളിത് - പിന്നാക്ക ജനവിഭാഗങ്ങൾ പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശനം. ഡോ.പല്പു ഉൾപ്പെടെ നിരവധി മഹാപ്രതിഭകളുടെ കണ്ണീരുവീണ സ്ഥലമാണ് തിരുവിതാംകൂർ കൊട്ടാരം. ആലപ്പുഴയിലെ ഗ്രാമങ്ങളിൽ വീണ ചോര ഇനിയും ഉണങ്ങിയിട്ടില്ല. രണ്ട് 'തമ്പുരാട്ടി'മാരിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്‌കാരത്തെയും എഴുന്നള്ളിക്കാനുള്ള ബോർഡിന്റെ നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ബോർഡ് യോഗം 13ന്
തിങ്കളാഴ്ച ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും. പ്രസിഡന്റ് കടുത്ത അതൃപ്തിയിലാണ്. മധുസൂദനൻ നായർക്ക് പറയാനുള്ളത് കേട്ടശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നാണ് ധാരണ.
നോട്ടീസ് വിവാദം പരിശോധിക്കും. മനസിൽ നൂറ്റാണ്ടുകളായി ചേർന്നിരിക്കുന്ന ജാതിചിന്ത ഒരുദിവസം കൊണ്ട് പറിച്ചുകളയാൻ പറ്റുമോ? ആ ചിന്ത ചില ആളുകൾക്ക് പലപ്പോഴും തികട്ടിവരും
കെ. രാധാകൃഷ്ണൻ,
ദേവസ്വംമന്ത്രി
- മന്ത്രി കെ.രാധാകൃഷ്‌ണൻ
എന്റെ ജാതി ക്ഷത്രിയമാണ്. ആ ജാതിയിലെ സ്ത്രീകളെ തമ്പുരാട്ടിയെന്നാണ് വിളിക്കുന്നത്. ജനാധിപത്യമാണെന്നു കരുതി ജാതിപ്പേര് മറക്കാനാകുമോ? എത്രയോ പേർ തങ്ങളുടെ ജാതിപ്പേര് ഉപയോഗിക്കുന്നു
- അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി