സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപത് പേർക്ക് പരിക്ക്, ടിപ്പർ പൂർണമായും തകർന്ന നിലയിൽ

Sunday 12 November 2023 10:54 AM IST

മലപ്പുറം: സംസ്ഥാന പാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പ‌േർക്ക് പരിക്ക്. കുറ്റിപ്പുറം സംസ്ഥാന പാതയിൽ കിൻഫ്ര പാർക്കിന് സമീപത്തായി പള്ളിപ്പടിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

കോഴിക്കോട് ഭാഗത്തുനിന്നും തൃശൂരിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്നുവന്ന ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടിപ്പർ ലോറി പൂർണമായും തകർന്ന നിലയിലാണ്.

പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവ‌ർത്തനം നടത്തിയത്. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പള്ളിപ്പടിയിൽ മേൽപ്പാലത്തിന്റെ നിർമാണ പ്രവർ‌ത്തനങ്ങൾ നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ഇതിനാൽ തന്നെ പ്രദേശത്ത് അപകടങ്ങൾ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, മലപ്പുറത്തുതന്നെ ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരിച്ചു. 31കാരിയായ പ്രിജി ആണ് മരിച്ചത്. മലപ്പുറം ചന്തക്കുന്ന് യു പി സ്കൂളിന് മുന്നിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

ഭർത്താവ് സുധീഷിനൊപ്പം ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു പ്രിജി. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയിടിച്ചതെന്നാണ് വിവരം. പ്രിജി ലോറിക്കടിയിലേയ്‌ക്ക് തെറിച്ച് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.