മുൻ ചെയർമാന്റെ 'പരിഷ്‌കാരം' മതിയായി, തിരിച്ചു പോക്കിനൊരുങ്ങി പിഎസ്‌സി: ആദ്യ വിജ്ഞാപനം 30ന്

Tuesday 14 November 2023 10:18 AM IST

തിരുവനന്തപുരം: ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകി, എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഒറ്റ പരീക്ഷ നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു. ഉദ്യോഗാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും പരീക്ഷകളിലെ ചോദ്യങ്ങളെ തരം തിരിച്ച് മാർക്ക് സമീകരണം നടത്തുന്നതിലെ പോരായ്മകളും പരിഗണിച്ചാണിത്. എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ പി.എസ്.സി ആലോചിക്കുന്നതായി കഴിഞ്ഞ മേയ് 18ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

കൂടുതൽ ഉദ്യോഗാർത്ഥികളുള്ള ജില്ലയ്ക്കും കുറവുള്ള ജില്ലയ്ക്കുമായി ഒരു ദിവസം പരീക്ഷ നടത്തിയാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഇങ്ങനെ ഓരോ ജില്ലയ്ക്കും പരീക്ഷ നടത്തും. മുൻ ചെയർമാൻ എം.കെ. സക്കീർ കൊണ്ടുവന്ന പരിഷ്‌കാരമാണ് തിരുത്തുന്നത്. നേരത്തേ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയും ഒഴിവാക്കിയിരുന്നു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ തുടങ്ങിയ തസ്തികകളിലും പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ ആലോചനയുണ്ട്. ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം 30ന് പുറപ്പെടുവിക്കും. ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും.


തുടങ്ങിയത് 2020 ഡിസംബറിൽ

അപേക്ഷകരുടെ എണ്ണം കുറച്ച് വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.പി.എസ്.സി മാതൃകയിൽ പരീക്ഷകൾ രണ്ടു ഘട്ടമാക്കിയത്. 2020 ഡിസംബർ മുതലാണ് ഇത് നടപ്പാക്കിയത്.

Advertisement
Advertisement