'ഇതിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല'; അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് ഷെയ്‌ൻ നിഗം
ആലുവയിൽ അതിഥിതൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് നടൻ ഷെയ്‌ൻ നിഗം. 'വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല' എന്നായിരുന്നു ഷെയ്‌ൻ ഫേസ്‌ബുക്കിൽ കുറിച്ചത്. നടന്റെ വാക്കുകളെ പിന്തുണച്ച് നിരവധി പേർ രംഗത്തുവരികയാണ്. താങ്കൾ ജനങ്ങളുടെ ശബ്ദമാവുകയാണെന്നും, പറഞ്ഞത് ശരിയാണെന്നും പലരും അഭിപ്രായപ്പെട്ടു.
കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഷെയ്‌ൻ നിഗം പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീഴ്‌ചകളിൽ നിന്ന് തെറ്റുകൾ മനസിലാക്കി പരിഹാരങ്ങൾ കണ്ടെത്തണമെന്നായിരുന്നു താരം കുറിപ്പിൽ ആവശ്യപ്പെട്ടത്. ബഹുജനങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ ചില മാർഗനിർദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കുമെന്നും നടൻ സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു. ആളുകൾ കൂടുന്ന ഇടത്ത് പാലിക്കാവുന്ന മാർഗനിർദേശങ്ങളും പങ്കുവച്ചിരുന്നു.
അതേസമയം, ആലുവ കേസിലെ പ്രതി ബീഹാർ സ്വദേശി അസ്ഫാക്ക് ആലത്തിന് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇന്ന് ശിശുദിനത്തിലാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങൾ പ്രതിക്ക് മേൽ സ്ഥാപിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു.
എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. രാജ്യത്ത് പോക്‌സോ നിയമങ്ങൾ നിലവിൽ വന്ന ദിവസമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിൽ 13 കുറ്റങ്ങളിലാണ് ശിക്ഷവിധിച്ചത്. മൂന്ന് കുറ്റങ്ങൾ ആവർത്തിച്ചുവന്നതിനാലാണ് 13 കുറ്റങ്ങളിൽ മാത്രം ശിക്ഷവിധിക്കുന്നതെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.