കൊഹ്‌ലി ഭാവങ്ങളിൽ അ‍‍ർമാദിച്ച് സലിംകുമാർ

Wednesday 15 November 2023 12:49 AM IST

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് സെമിഫൈനലിന് ഇറങ്ങാനിരിക്കെ,​ കളിക്കളത്തിൽ ബാറ്റ്കൊണ്ട് മാത്രമല്ല,​ മുഖഭാവങ്ങൾ കൊണ്ടും അർമാദിക്കുന്ന 'കൊടുംഭീകര"നാണ് വിരാട് കൊഹ്‌ലിയെന്ന് നടൻ സലിംകുമാർ എഴുതുന്നു.

ക്രിക്കറ്റ് ഒരു കായിക വിനോദമാണെന്ന കാര്യത്തിലൊന്നും തർക്കമല്ല, പക്ഷേ, കാണുന്നവർക്ക് അത് ഒരു വിനോദോപാധിയാകുന്നത് അതിൽ 'എന്റർടെയിൻമെന്റ് എലിമെന്റുകൾ' ഉള്ളതുകൊണ്ടാണ്. കളി നിയമങ്ങളൊന്നും അറിയില്ലെങ്കിലും വിരാട് കൊഹ്‌ലിയെ പോലൊരാൾ മൈതാനത്തുണ്ടെങ്കിൽ പിന്നെ രസമാണ് കളി കാണാൻ.

അയാളൊരു കളിക്കാരൻ മാത്രമല്ല, കലാകാരൻ കൂടിയാണെന്ന് തോന്നിയിട്ടുണ്ട്. നമ്മളൊക്കെ സ്ക്രിപ്റ്റ് വായിച്ച്,​ മേക്കപ്പിട്ട് ക്യാമറയ്ക്കു മുന്നിൽ വന്ന് നിൽക്കും. സംവിധായകൻ ആക്‌ഷൻ പറയുമ്പോൾ തുടങ്ങും. കട്ട് പറയുമ്പോൾ നിറുത്തും.

ക്രിക്കറ്റ് മൈതാനത്തിൽ ലക്ഷങ്ങളുടെ ദൃഷ്ടി പതിയുന്നത് ക്രീസിലും ഫീൽഡിലുമായി നിൽക്കുന്ന 13 പേരിലാണ്. ഇവരിൽ ഒരാൾ കോലിയാണെങ്കിൽ അയാളെ ശ്രദ്ധിച്ചു നോക്കൂ. ഭാവങ്ങൾ മിന്നിമറിയും. നവരസം മാത്രമല്ല, പച്ചാളം ഭാസി കണ്ടു പിടിച്ച രസങ്ങൾ കൂടി കോലിയിൽ തെളിയും.

സ്വന്തം ടീമിന് വിക്കറ്റുകൾ കിട്ടുമ്പോൾ,​ വിജയ റൺ നേടുമ്പോൾ,​ സെഞ്ച്വറി അടിക്കുമ്പോൾ അയാൾ ആഹ്ലാദിക്കുകയല്ല, അർമാദിക്കുകയാണെന്ന് തോന്നും. എന്നാൽ ഓവറാക്കി കുളമാക്കാറുമില്ല. അയാൾ ഫീൽഡ് ചെയ്യുമ്പോൾ പോലുമുണ്ട് ഭാവചലനങ്ങൾ. സമൂഹ മാദ്ധ്യമങ്ങളിലെ ഇമോജികൾ തോറ്റുപോകും.

ഗാലറികളിൽ മുഴങ്ങുന്ന പാട്ടിനനുസരിച്ച് ചുവടുവയ്ക്കുന്ന മറ്റേത് താരമുണ്ട്. ഞാൻ കണ്ടിട്ടില്ല. നൂറുകളുടെ എണ്ണത്തിൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കാഡിനൊപ്പമെത്തിയല്ലോ കൊഹ്‌ലി. കളിക്കളത്തിലെ സച്ചിനേയും കൊഹ്‌ലിയേയും തമ്മിൽ ഒന്നു താരതമ്യം ചെയ്തു നോക്കൂ. സച്ചിൻ പാവം. ഭാവം പരിമിതം. റണ്ണടിച്ചു കൂട്ടുന്നതിൽ ഒരു പരിധിയുമില്ല. എന്നാൽ 'കൊഹ്‌ലിയോ ഭീകരനാണവൻ,​ കൊടുംഭീകരൻ!'

ഇതുവരെയുള്ള കളിയൊക്കെ വച്ച് ഒന്നും തീരുമാനിക്കണ്ട, 'ധിധക്ക'... ഇനി കാണാൻ കിടക്കുന്നതല്ലേ ഉള്ളൂ. സഹനടന്മാരും ഒട്ടു മോശമല്ലാത്ത സ്ഥിതിക്ക് ആ ഗപ്പ് നമ്മുക്ക് തന്നെ വേണം കേട്ടോ കോലി, അല്ലാതെ ഒടുവിൽ ഗപ്പെവിടെ എന്നു ചോദിക്കുമ്പോൾ 'ആയാം ദി സോറി അളിയാ' എന്നു പറയുരുത്.

തയ്യാറാക്കിയത്- കോവളം സതീഷ്‌കുമാർ