കൊതിതീർക്കാൻ രണ്ടിനം നെയ്മീൻകൂടി

Wednesday 15 November 2023 12:51 AM IST

കൊച്ചി: മത്സ്യപ്രിയരെ കൊതിപ്പിക്കുന്ന നെയ്‌മീനുകളുടെ കൂട്ടത്തിലേക്ക് രണ്ട് ഇനങ്ങൾ കൂടി. അറേബ്യൻ സ്‌പാരോയും റസൽസ് പുള്ളിയും. അറേബ്യൻ സ്‌പാരോയെ ആദ്യമായാണ് കണ്ടെത്തുന്നത്.

റസൽസ് പുള്ളിയെ (സ്‌കോംബെറോമോറസ് ലെപ്പാർഡസ് ) ദീർഘകാലശേഷം കണ്ടെത്തിയതാണ്. ഇന്ത്യയിലെ നെയ്‌മീൻ ഇനങ്ങൾ ഇതോടെ ആറായി.

കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെയും (സി.എം.എഫ്.ആർ.ഐ) ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിലെയും ( ഐ. സി. എ. ആർ)

ഗവേഷകരാണ് കണ്ടെത്തിയത്. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസമദിന്റെ സംഘം ഇന്ത്യൻ തീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പുള്ളിനെയ്‌മീനുകളിൽ നടത്തിയ വർഗീകരണ, ജനിതക പഠനത്തിലാണ് തിരിച്ചറിഞ്ഞത്. ബംഗാൾ ഉൾക്കടലിൽ നാഗപട്ടണം മുതൽ ആന്റമാൻവരെയുള്ള മേഖലയിലാണ് റസൽസ് പുള്ളിയെ കണ്ടുവന്നിരുന്നത്.

അറേബ്യൻ സ്പാരോ

കുരുവിക്ക് സാമ്യമായ ചുണ്ടുള്ളതിനാലാണ് ഈ പേരിട്ടത്

ശാസ്ത്രനാമം സ്‌കോംബെറോമോറസ് അവിറോസ്ട്രസ്

 അറബിക്കടലിൽ മംഗലാപുരത്ത് നിന്ന് വടക്കോട്ട് ലഭ്യം

ഗൾഫ് മേഖല വരെ ഇവയെ കാണാം

മറ്റിനങ്ങൾ

ബംഗാൾ ഉൾക്കടലിൽ നാഗപട്ടണത്തിന് വടക്കോട്ട്

ആൻഡമാൻ കടലിലും ചൈനാ കടലിലും

ഒന്നു മുതൽ മൂന്നു കിലോ വരെ തൂക്കം.

'രുചി കൊണ്ട് ഇന്ത്യക്കാർക്ക് വളരെ പ്രിയങ്കരമാണ് നെയ്‌മീൻ. കർണാടക, ആന്ധ്രാമേഖലകളിലാണ് കൂടുതലായി ലഭിക്കുന്നത്".

- ഡോ. അബ്ദുസമദ്