പീഡിപ്പിക്കപ്പെടുന്ന കുരുന്നുകൾക്കുള്ള നീതി
ശിശുദിനത്തിലും പോക്‌സോ നിയമത്തിന്റെ വാർഷികത്തിലും എറണാകുളത്തെ പോക്സോ കോടതി ജഡ്‌ജി കെ.സോമൻ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുന്ന കുട്ടികൾക്കായുള്ള നീതിയാണ് നടപ്പിലാക്കിയത്. അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസ്‌ഫാക് ആലം എന്ന നരാധമനെ മരിക്കുംവരെ തൂക്കിക്കൊല്ലാൻ ഉത്തരവിട്ടു.
കുട്ടിയെ കാണാതായ ദിവസം ആലുവയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തെരച്ചിൽ നടന്നു. പൊലീസ് മാത്രമല്ല, ജനങ്ങളൊന്നാകെ ഇറങ്ങി. സി.ഐ.ടി.യുക്കാരായ ചുമട്ടുതൊഴിലാളികളാണ് നിർണായക വിവരം നൽകിയത്. കുഞ്ഞുമായി ഒരാൾ പോകുന്നതും തനിച്ചുമടങ്ങുന്നതും കണ്ടെന്നാണ് അറിയിച്ചത്.
പ്രശസ്തനായ ജി.മോഹൻരാജിനെ പബ്ളിക് പ്രോസിക്യൂട്ടറായി നിയോഗിച്ചു. സാഹചര്യത്തെളിവുകളും ദൃക്‌സാക്ഷി മൊഴികളും കോർത്തിണക്കി കൃത്യമായി കോടതിയിൽ അവതരിപ്പിച്ചു. നൂറുദിവസത്തിനകം വിചാരണ പൂർത്തിയാക്കി. പ്രതിയുടെ മുൻകാല സാഹചര്യങ്ങളും മാനസികാരോഗ്യനിലയും പരിശോധിച്ചു. മാനസാന്തരത്തിനും പശ്ചാത്താപത്തിനും സാദ്ധ്യതയില്ലെന്നും ദാക്ഷിണ്യവും ദയയും അർഹിക്കുന്നില്ലെന്നും ഉറപ്പിച്ചു. മരണശിക്ഷയിൽ കുറഞ്ഞൊന്നും നൽകാനില്ലെന്ന് കണ്ടെത്തി.
കൊടുക്കാവുന്നതിൽ ഏറ്റവും കഠിനശിക്ഷ നൽകിയ ജഡ്‌ജിയെയും നീതിക്കു വേണ്ടി പതറാതെ പോരാടിയ പ്രോസിക്യൂട്ടർ ജി.മോഹൻരാജിനെയും അഭിനന്ദിക്കുന്നു. കല്ലുവാതുക്കൽ കേസ്, ഉത്തരാ വധം, വിസ്മയ കേസ് തുടങ്ങിയ ദുഷ്‌കരമായ കേസുകൾ വിജയിപ്പിച്ച പ്രാഗത്ഭ്യമാണ് അദ്ദേഹത്തിന്റേത്.
എറണാകുളം റൂറൽ എസ്.പി വിവേക്‌കുമാർ, മൊഴികളിൽ ഉറച്ചുനിന്ന ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ സാക്ഷികൾ, മറ്റു തെളിവുകൾ ഹാജരാക്കിയവർ, കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടത്തിയ മെഡിക്കൽ ഓഫീസർമാർ അടക്കമുള്ള എല്ലാവരും അഭിനന്ദനം അർഹിക്കുന്നു,
ആലുവ എം.എൽ.എ അൻവർ സാദത്തിനെയും പ്രത്യേകമായി പ്രശംസിക്കേണ്ടതുണ്ട്. സംഭവം ഉണ്ടായപ്പോൾ മുതൽ കുഞ്ഞിന് നീതികിട്ടാൻ അനവരതം പ്രവർത്തിച്ചു. വലിയ പാർലമെന്റേറിയനല്ലെങ്കിലും ആലുവക്കാരുടെ സുഖദുഃഖങ്ങളിൽ ഒപ്പംനിൽക്കുന്നയാളാണ്. കുഞ്ഞ് മരിച്ച ദിവസം മുതൽ കുടുംബത്തിന്റെ ക്ഷേമം ഉറപ്പാക്കാനും കിടപ്പാടം ഒരുക്കാനും പരിശ്രമിച്ച ജനപ്രതിനിധിയാണ് അദ്ദേഹം.