88 ഡോക്ടർമാർ കോന്നിയിലേക്ക്: മെഡി.കോളേജുകളിൽ ചികിത്സ  തകിടംമറിയും, ശബരിമല തീർത്ഥാടകരുടെ  ചികിത്സ കോന്നിയിൽ

Wednesday 15 November 2023 1:46 AM IST

തിരുവനന്തപുരം : ശബരിമലതീർത്ഥാടനത്തിന്റെ പേരിൽ പതിവിന് വിരുദ്ധമായി 88 ‌ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളേജിലേക്ക് താത്കാലികമായി മാറ്റിയതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ പ്രതിസന്ധി.

മതിയായ ചികിത്സാ സംവിധാനം ഇല്ലാത്ത കോന്നിയിൽ ഇവർ കാഴ്ചക്കാരായി നിൽക്കുമ്പോൾ, മറ്റു മെഡിക്കൽ കാേളജുകളിൽ ചികിത്സ കിട്ടാതെ രോഗികൾ പ്രതിസന്ധിയിലാവും. ശസ്ത്രക്രിയകൾ അടക്കം മുടങ്ങും. തിരുവനന്തപുരം മെഡിക്കൽ കാേളേജിൽ നിന്നുമാത്രം 42 ഡോക്ടർമാരെയാണ് മാറ്റിയത്. കോട്ടയത്തുനിന്ന് 32 പേരെയും മാറ്റി. ആലപ്പുഴ നിന്ന് പത്തുപേർക്കാണ് മാറ്റം. എറണാകുളം മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിൽ ആകെയുള്ള മൂന്നുപേരിൽ രണ്ടുപേരെയും മാറ്റി. മഞ്ചേരിയിൽ നിന്ന് രണ്ടുപേർക്കാണ് മാറ്റം. ഒരേസമയം, നാല്പത്തിയഞ്ചോളം ഡോക്ടർമാർക്ക് അവിടേക്ക് പോകേണ്ടിവരും.

അസിസ്റ്റന്റ് പ്രൊഫസർമാർ കൂട്ടത്തോടെ പോകുന്നതോടെ

പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാതെ എം.ബി.ബി.എസ് വിദ്യാർത്ഥികളും വലയും. പഠിക്കാതെ പരീക്ഷ എഴുതേണ്ട അവസ്ഥയിലാവും. അവസാനവർഷ എം.ബി.ബി.എസ് പരീക്ഷയുൾപ്പെടെ ഡിസംബറിൽ നിശ്ചയിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ ഡ്യൂട്ടി ഇന്നു മുതൽ ജനുവരി 20വരെ ഘട്ടമായാണ്.

മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ഇതിനെതിരെ രംഗത്ത് എത്തി.

കാനനപാതയിലെ പമ്പ,അപ്പാച്ചിമേട്,മരക്കൂട്ടം,നീലിമല,സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികളിൽ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ദ്ധരെ പതിവ് പോലെ ഇത്തവണയും നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് 88പേരെ മാറ്റിയത്.

മെഡി.കൗൺസിലിന്റെ

കണ്ണിൽ പൊടിയിടാൻ

കോന്നി മെഡിക്കൽ കോളേജിൽ ഒഴിവുള്ള തസ്തികകളിലേക്ക് ഡോക്ടർമാരെ നിയമിക്കാതെയാണ് ഈ തരികിട കാട്ടുന്നത്.

രോഗികളും ഡോക്ടർമാരും കുറവായതിനാൽ എം.ബി.ബി.എസ് പ്രവേശനത്തിന് താത്കാലിക അനുമതിയാണ് മെഡിക്കൽ കൗൺസിൽ നൽകിയിരിക്കുന്നത്.

തീർത്ഥാടനകാലത്ത് രോഗികളെയും ഡോക്ടർമാരെയും എത്തിച്ച് കുറവ് നികത്തിയെന്ന് കാണിക്കാനാണ് ശ്രമം. പരിശോധനയ്ക്ക് മെഡി. കൗൺസിൽ സംഘത്തെ വരുത്തും.

തീർത്ഥാടകർക്ക്

ദുരന്തമാവും

രണ്ട് കിടക്ക മാത്രമുള്ള ഐ.സി.യു., പൂർണ്ണ സജ്ജമാകാത്ത ഓപ്പറേഷൻ തീയേറ്റർ തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ട് കോന്നിയിൽ.

പത്തനംതിട്ട ജനറൽ ആശുപത്രിയേക്കാൾ അകലത്തിലാണ്. പമ്പയിൽ നിന്ന് പത്തനംതിട്ടയ്ക്ക് 63 കിലോമീറ്റർ. കോന്നിയിലേക്ക് 75. പത്തനംതിട്ട ആശുപത്രിയിലാണ് ഇക്കുറിയും ശബരിമല വാർഡ് .നിർബന്ധിച്ച് കോന്നിയിലേക്ക് അയച്ചാൽ ചികിത്സ വൈകുമെന്ന് മാത്രമല്ല, വിദഗ്ദ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കാൻ കൂടുതൽ കാലതാമസം നേരിടും. ജീവൻവരെ അപകടത്തിലാവും.

തെറ്റുതിരുത്തി പ്രായോഗികമായ തീരുമാനം ആരോഗ്യവകുപ്പ് സ്വീകരിക്കണം.

-ഡോ.നിർമ്മൽ ഭാസ്ക്കർ

പ്രസി‌ഡന്റ്, കെ.ജി.എം.സി.ടി.എ